ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ കയ്യാങ്കളി: അന്വേഷണത്തിന് ഉത്തരവ്. സംഭവത്തിൽ ജയിൽ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു
തിരുവനന്തപുരം: പൂജപ്പുരയില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ വകുപ്പ് മേധാവി എസ് ശ്രീജിത്ത് . ജയില്‍ ഡിഐജി സംഭവം അന്വേഷിക്കും.
ഉടന്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. സംഭവത്തില്‍ ജയില്‍ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു.
ജയില്‍ ജീവനക്കാരുടെ അസോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷത്തിനിടെയാണ് ജീവനക്കാര്‍ തമ്മിലടിച്ചത്. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ ഡിജെ പാര്‍ട്ടി നടക്കുമ്പോഴായിരുന്നു സംഘര്‍ഷമുണ്ടായത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള ജീവനക്കാര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
നേരത്തേ ജയില്‍ ഡിജിപിയാണ് ഓണാഘോഷം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ രാത്രിയോടെ ഡിജെ പാര്‍ട്ടി ആരംഭിച്ചപ്പോള്‍ ചില ഉദ്യോഗസ്ഥര്‍ വേദിയിലേക്കു തള്ളിക്കയറാനും നൃത്തം ചെയ്യാനും ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. അടിപിടിയില്‍ ഒരു ഉദ്യോഗസ്ഥന്റെ കണ്ണിനു പരിക്കേറ്റിരുന്നു.