കോമിക്ക് കഥാപാത്രമായ 'ഡില്‍ബര്‍ട്ടിന്റെ' നിര്‍മാതാവ് സ്‌കോട്ട് ആഡംസ് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നു
ലോസ് ആഞ്ചല്‍സ്: ലോകപ്രശസ്തമായ 'ഡില്‍ബര്‍ട്ട്' കോമിക്ക്സിന്റെ ട സ്രഷ്ടാവ് സ്‌കോട്ട് ആഡംസ്(68) ക്രൈസ്തവ വിശ്വാസം സ്വീകരിക്കാനൊരുങ്ങുന്നു.
അര്‍ബുദബാധയെത്തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായ സാഹചര്യത്തിലാണ് ദശകങ്ങളോളം നിരീശ്വരവാദിയായിരുന്ന ആഡംസ് തന്റെ മനമാറ്റം വെളിപ്പെടുത്തിയത്.
സ്‌കോട്ട് ആഡംസിനെ ലോകപ്രശസ്തനാക്കിയത് അദ്ദേഹം സൃഷ്ടിച്ച 'ഡില്‍ബര്‍ട്ട്' എന്ന കോമിക്ക് കഥാപാത്രമാണ്. ഓഫീസ് സംസ്‌കാരത്തെ സത്യസന്ധമായും ഹാസ്യാത്മകമായും അവതരിപ്പിച്ച ഈ കോമിക്ക് ഏറെ ജനപ്രീതി നേടിയിരുന്നു.
2025 മേയ് മാസത്തിലാണ് സ്‌കോട്ട് ആഡംസിന് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. ഇപ്പോള്‍ അര്‍ബുദം അസ്ഥികളിലേക്ക് പടരുകയും അരയ്ക്ക് താഴെ പക്ഷാഘാതം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
തന്റെ തീരുമാനത്തെ 17-ാം നൂറ്റാണ്ടിലെ ഗണിതശാസ്ത്രജ്ഞന്‍ ബ്ലെയ്‌സ് പാസ്‌കലിന്റെ 'പാസ്‌കല്‍സ് വേജര്‍' എന്ന തത്വവുമായാണ് സ്‌കോട്ട് താരതമ്യം ചെയ്തത്. വിശ്വാസം സത്യമാണെങ്കില്‍ നിത്യജീവിതത്തിന് അത് സഹായമാകും, ഇനി അല്ലെങ്കിലും വലിയ നഷ്ടമൊന്നും സംഭവിക്കാനില്ല എന്ന തത്വമാണിത്.
ഇത് യഥാര്‍ത്ഥമായ മാനസാന്തരമല്ലെന്നും കേവലം വിശ്വാസത്തിന്റെ ഒരു ചൂതാട്ടമാണെന്നും ആക്ഷേപങ്ങളുയരുന്നുണ്ടെങ്കിലും ഇത് വളരെ നല്ല വാര്‍ത്തയാണെന്ന് ഡൊമിനിക്കന്‍ ദൈവശാസ്ത്രജ്ഞനായ ഫാ. തോമസ് പെട്രി പറയുന്നു.
വളരെ കുറച്ചാളുകള്‍ മാത്രമേ മികച്ച രീതിയില്‍ രൂപീകരിക്കപ്പെട്ട വിശ്വാസവുമായി ദൈവത്തിലേക്ക് കടന്നുവരാറുളളൂ.
സ്നേഹം തന്നെയായ ദൈവം സ്‌കോട്ട് ആഡംസിന്റെ നടപടിയെ തള്ളിക്കളയുകയോ അനുഗ്രഹിക്കാതിരിക്കുകയോ ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഫാ. തോമസ് പറഞ്ഞു.