ശാസ്ത്രപുരോഗതി മാനവകുടുംബത്തിനു സേവനം നല്‍കുന്നതാകണം: ലിയോ പതിനാലാമന്‍ പാപ്പാ

വത്തിക്കാന്‍സിറ്റി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, വത്തിക്കാന്‍ വാനനിരീക്ഷണാലയം സംഘടിപ്പിക്കുന്ന വേനല്‍ക്കാല പഠനശിബിരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, ശാസ്ത്രഗവേഷകര്‍ക്കും ലിയോ പതിനാലാമന്‍ പാപ്പാ കൂടിക്കാഴ്ച്ച അനുവദിച്ചു.
സന്ദേശത്തില്‍, ഈ പഠനകാലയളവ്, വിജഞാനപ്രഥവും വ്യക്തിപരവുമായ ഒരു സമ്പന്നത മാത്രമല്ല, ,മറിച്ച്, മനുഷ്യ കുടുംബത്തിന്റെ സേവനത്തില്‍ ശാസ്ത്രത്തിന്റെ പുരോഗതിക്ക് സംഭാവന ചെയ്യാന്‍ കഴിയുന്ന സൗഹൃദങ്ങളും സഹകരണ രൂപങ്ങളും വികസിപ്പിക്കാന്‍ ഉതകുന്നതാകണമെന്നു പാപ്പാ ഓര്‍മ്മപ്പെടുത്തി. അതിനായി തന്റെ പ്രാര്‍ത്ഥനാപൂര്‍വ്വകമായ ആശംസകളും പാപ്പാ നല്‍കി.
ജെയിംസ് വെബിന്റെ ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ച് പ്രപഞ്ചത്തെ പര്യവേക്ഷണം ചെയ്യുക എന്ന വിഷയമാണ് ഈ വര്‍ഷത്തെ പഠനശിബിരത്തിനു എടുത്തിരിക്കുന്നത്. ഇത് ഒരു ജ്യോതിശാസ്ത്രജ്ഞനാകാനുള്ള ആവേശകരമായ സമയമായിരിക്കണമെന്നു പറഞ്ഞ പാപ്പാ, ശ്രദ്ധേയമായ ആ ഉപകരണത്തിന്റെ കണ്ടുപിടുത്തത്തിന് നന്ദിയര്‍പ്പിക്കുകയും ചെയ്തു. നക്ഷത്രങ്ങളുടെ പ്രകാശം പോലും വെബ് ഉപയോഗിച്ച് നമുക്ക് കണ്ടെത്താന്‍ കഴിയുമെന്നത് വലിയ നേട്ടമാണെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.
അനേകം നൂറ്റാണ്ടുകള്‍ക്കുമുമ്പ് എഴുതിയ വിശുദ്ധ തിരുവെഴുത്തുകളുടെ രചയിതാക്കള്‍ക്ക് ഈ പുരോഗതി പ്രയോജനം നല്‍കിയില്ലെങ്കിലും, അവരുടെ കാവ്യാത്മകവും മതപരവുമായ ഭാവന സൃഷ്ടിയുടെ നിമിഷം എങ്ങനെയായിരിക്കുമെന്ന് പ്രതിഫലിപ്പിച്ചുവെന്നു ഏതാനും ചില വചന ഭാഗം പറഞ്ഞുകൊണ്ട് പാപ്പാ പ്രസംഗിച്ചു.
ആര്‍ക്കും ഒറ്റയ്ക്കും ഒരു നേട്ടവും കൈവരിക്കുവാന്‍ സാധിക്കുകയില്ല എന്ന് പറഞ്ഞ പാപ്പാ, കൂട്ടായ്മയുടെ പ്രാധാന്യവും അടിവരയിട്ടു. നിങ്ങള്‍ പഠിക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങള്‍ നിങ്ങളുടെ കഴിവിന്റെ പരമാവധി മറ്റുള്ളവര്‍ക്കായി പങ്കുവയ്ക്കണമെന്ന് പാപ്പാ പറഞ്ഞു. എത്രമാത്രം സന്തോഷം പങ്കിടുന്നുവോ, അത്രയധികം സന്തോഷം നമുക്ക് ഉരുവാക്കുവാന്‍ സാധിക്കുമെന്നും, അങ്ങനെ, അറിവ് തേടുന്നതിലൂടെ, കൂടുതല്‍ സമാധാനപരവും നീതിയുക്തവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും പാപ്പാ പറഞ്ഞു.