സ്‌കൂൾ ഓണപ്പരീക്ഷയ്ക്ക് ഇന്നു തുടക്കം; പ്രളയവും സെൻസസ് ഡ്യൂട്ടിയും അധ്യയനത്തെ ബാധിച്ചതോടെ ചില സ്കൂളുകളിൽ ആശയക്കുഴപ്പം
കോട്ടയം: സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷയ്ക്കു തുടക്കം. എൽ പി വിഭാഗത്തിലെ പരീക്ഷ വെള്ളിയാഴ്ച തുടങ്ങും. 20ന് പരീക്ഷകൾ അവസാനിക്കും. 21ന് ഓണാഘോഷത്തോടെ സ്‌കൂള്‍ അടയ്ക്കും. അതേസമയം, എട്ടാം ക്ലാസിലെ അടിസ്ഥാനശാസ്ത്ര പരീക്ഷ 21ന് നിശ്ചയിച്ചത് ഓണാഘോഷത്തിന് പ്രതിസന്ധിയാകുന്നുണ്ട്.
പ്ലസ് ടു പരീക്ഷയുടെ ടൈംടേബിളിലും മാറ്റം വരുത്തിയിട്ടുണ്ട്. 18ന് നടത്താനിരുന്ന ബയോളജി പരീക്ഷയും 20ന് നടത്താനിരുന്ന അക്കൗണ്ടൻസി പരീക്ഷയും 14ന് രാവിലെ നടത്തും.
ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളുമുണ്ട്. ഇവിടെയും പരീക്ഷാ നടത്തിപ്പിൽ ആശയക്കുഴപ്പം.
മഴയും വെള്ളപ്പൊക്കവും മൂലമുള്ള തുടര്‍ച്ചയായ അവധിയ്ക്കു പിന്നാലെയുള്ള പരീക്ഷയില്‍ ആശങ്കയിലാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും. അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ ഇനിയും വെള്ളം ഇറങ്ങാത്ത മേഖലകളിലെ കുട്ടികളാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.
വെള്ളപ്പൊക്ക ദുരിതം മൂലം ജില്ലയിലെ സ്‌കൂളുകള്‍ ഒരാഴ്ചയോളം അടഞ്ഞു കിടന്നിരുന്നു. കോട്ടയം താലൂക്കില്‍ ഉള്‍പ്പെടെ ഓണാവധിയേക്കാള്‍ കൂടുതല്‍ അവധി ദിനങ്ങള്‍ വെള്ളപ്പൊക്കത്തെത്തുടര്‍ന്നു ലഭിച്ചിരുന്നു.
പല ക്ലാസുകളിലെയും പ്രധാന പാഠഭാഗങ്ങള്‍ പഠിപ്പിക്കേണ്ടത് ഈ സമയത്തായിരുന്നു. സെന്‍സസ് ഡ്യൂട്ടികള്‍ക്കായി അധ്യാപകര്‍ക്ക് ജൂലൈ മാസത്തില്‍ പകുതിയിലേറെ ദിവങ്ങള്‍ പോകേണ്ടി വന്നതിനാലും ഓണപ്പരീക്ഷയ്ക്ക് ആവശ്യമായ ക്ലാസുകള്‍ മിക്ക സ്‌കൂളുകളിലും പൂര്‍ത്തീകരിച്ചിട്ടില്ല.
ഇതാണു രക്ഷിതാക്കളെയും കുട്ടികളെയും ആശങ്കയില്‍ ആക്കുന്നത്. പഠിപ്പിച്ച അത്രയും ഭാഗത്തു നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാമെന്ന പ്രതീക്ഷയിലാണു കുട്ടികള്‍ പരീക്ഷയെഴുതാനായി പോകുന്നത്. ഭൂരിഭാഗം സ്‌കൂകളുകളിലെയും തീരുമാനവുമിതാണ്.
മറ്റു ജില്ലകളില്‍ ഇത്രയും ദിവസം അവധി വരാത്തതിനാല്‍ പരീക്ഷയ്ക്കാവശ്യമായ പാഠഭാഗങ്ങള്‍ ഇവിടങ്ങളില്‍ പഠിപ്പിച്ചു തീര്‍ത്തിരുന്നു. ഈ സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ക്കാനും കഴിയില്ല എന്ന സ്ഥിതിയുണ്ട്