ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്‌കോളര്‍ഷിപ്പ് കുടിശിക; 4 മാസത്തിനകം തീര്‍പ്പാക്കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി
ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്‌കോളര്‍ഷിപ്പ് കുടിശിക 4 മാസത്തിനകം തീര്‍പ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനും മുഴുവന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി.
വിദ്യാര്‍ഥികളുടെ ആത്മഹത്യ തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. കുടിശ്ശികയുള്ള എല്ലാ സ്‌കോളര്‍ഷിപ്പ് വിതരണങ്ങളും ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന അധികാരികള്‍ നാല് മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നാണ് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം.
സ്‌കോളര്‍ഷിപ്പ് വിതരണം മുടങ്ങുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
സ്‌കോളര്‍ഷിപ്പ് വിതരണം വൈകുന്നത് മൂലം ഫീസ് അടയ്ക്കാന്‍ കഴിയാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതുന്നതില്‍ നിന്ന് തടയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇത്തരം വിദ്യാര്‍ഥികളുടെ രേഖകള്‍ പിടിച്ചു വെക്കരുതെന്നും കോടതി നിര്‍ദേശം നല്‍കി. ജെസ്റ്റിസ് ജെ ബി പര്‍ദേവാല അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യ ആശങ്കകള്‍ പരിഹരിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകള്‍ തടയുന്നതിനുമായി നടപടി സ്വീകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
65%-ത്തിലധികം സ്ഥാപനങ്ങളിലും മാനസികാരോഗ്യ സേവന ദാതാക്കള്‍ ഇല്ലെന്നാണ എന്‍എഫ്ടി നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലെ പരാമര്‍ശം.
എന്‍എഫ്ടിയുടെ ഇടക്കാല റിപ്പോര്‍ട്ട് ഗൗരവമുള്ളതാണെന്നും കോടതി വിമര്‍ശിച്ചു.
ജാതി വിവേചനവും അക്കാദമിക് സമ്മര്‍ദ്ദവും മൂലം ആത്മഹത്യ ചെയ്ത രണ്ട് ദില്ലി ഐഐടി വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍