എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി. എടിഎം ഇടപാട് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. സാലറി അക്കൗണ്ട് ഉടമകള്‍ക്കും ഇനി നിയന്ത്രണം!
എസ്ബിഐ ഉപഭോക്താക്കള്‍ക്ക് എടിഎം ഇടപാടുകളില്‍ പുതിയ നിയന്ത്രണങ്ങളും ചാര്‍ജ് വര്‍ദ്ധനവും നിലവില്‍ വന്നു. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്ന സേവിങ്‌സ്, സാലറി, കറന്റ് അക്കൗണ്ട് ഉടമകളെയാണ് ഈ പരിഷ്‌കാരം പ്രധാനമായും ബാധിക്കുന്നത്. പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ഓരോ ഇടപാടിനും നല്‍കേണ്ട തുകയില്‍ വര്‍ദ്ധനവുണ്ടായി.
ഇന്റര്‍ചേഞ്ച് ഫീസ് വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് മറ്റ് ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിക്കുമ്പോള്‍ ഈടാക്കുന്ന നിരക്കുകളിലാണ് എസ്ബിഐ മാറ്റം വരുത്തിയത്. ഓരോ വിഭാഗം അക്കൗണ്ടുകള്‍ക്കും ബാധകമായ പുതിയ മാറ്റങ്ങള്‍ ഇവയാണ്.
സേവിങ്‌സ് അക്കൗണ്ട്: സാധാരണ സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ പ്രതിമാസം 5 സൗജന്യ ഇടപാടുകള്‍ തുടരാം. എന്നാല്‍ ഈ പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപയും ജിഎസ്ടിയും നല്‍കണം. നേരത്തെ ഇത് 21 രൂപയും ജിഎസ്ടിയും ആയിരുന്നു.
സാലറി അക്കൗണ്ട്: സാലറി അക്കൗണ്ട് ഉടമകള്‍ക്ക് വലിയൊരു നിയന്ത്രണമാണ് പുതിയ പരിഷ്‌കാരത്തിലൂടെ വന്നിരിക്കുന്നത്. മുന്‍പ് ഇവര്‍ക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ എത്ര ഇടപാടുകള്‍ വേണമെങ്കിലും സൗജന്യമായി നടത്താമായിരുന്നു. എന്നാല്‍ ഇനി മുതല്‍ പ്രതിമാസം 10 ഇടപാടുകള്‍ മാത്രമേ സൗജന്യമായി ലഭിക്കൂ. ഇതിന് ശേഷമുള്ള ഓരോ ഇടപാടിനും 23 രൂപയും ജിഎസ്ടിയും നല്‍കേണ്ടി വരും.
കറന്റ് അക്കൗണ്ട്: കറന്റ് അക്കൗണ്ട് ഉടമകള്‍ക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകള്‍ വഴി ഒരു സൗജന്യ ഇടപാടും ലഭിക്കില്ല. ആദ്യത്തെ ഇടപാട് മുതല്‍ 23 രൂപയും ജിഎസ്ടിയും സര്‍വീസ് ചാര്‍ജായി ഈടാക്കുന്നതാണ്.
മാറ്റമില്ലാത്ത വിഭാഗങ്ങള്‍: കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, ബേസിക് സേവിങ്‌സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ട് ഉടമകള്‍ക്ക് നിലവില്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിക്കുന്നതിന് പരിധിയോ ചാര്‍ജ് വര്‍ദ്ധനവോ ബാധകമല്ല.