ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് ഇന്ന്  സന്ധ്യാപ്രാര്‍ത്ഥന നടത്തും

 
Mar ivanios
തിരുവനന്തപുരം: ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 72-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് ഇന്ന് (ജൂലൈ 14) വൈകുന്നേരം ആറിന് ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥന നടത്തും.
തുടര്‍ന്ന് മെഴുകുതിരി നേര്‍ച്ച പ്രദക്ഷിണം. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ അന്താരാഷ്ട്ര സംഘടനകളുടെ പ്രത്യേക ചുമതലയുള്ള സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ ഗല്ലഗറും മറ്റു മെത്രാന്മാരും വൈദികരും സന്യസ്തരും വിശ്വാസിഗണവും കത്തിച്ച തിരികളുമായി പ്രദക്ഷിണത്തില്‍ അണിചേരും.
വിവിധ സ്ഥലങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടന പദയാത്രകള്‍ വൈകുന്നേരം അഞ്ചിന് പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിടത്തില്‍ എത്തിച്ചേരും.  റാന്നി പെരുന്നാട്ടില്‍നിന്നുള്ള പ്രധാന തീര്‍ത്ഥാടന പദയാത്ര ഇന്നു രാവിലെ പിരപ്പന്‍കോടുനിന്ന് ആരംഭിച്ചു. വേറ്റിനാട്, വട്ടപ്പാറ, അരുവിയോട്, നാലാഞ്ചിറ ബഥനി ആശ്രമം, മാര്‍ ഈവാനിയോസ് വിദ്യാനഗര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.
മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ജന്മഗൃഹമായ മാവേലിക്കര പുതിയകാവില്‍നിന്ന് ആരംഭിച്ച തീര്‍ത്ഥാടന പദയാത്ര വൈകുന്നേരം കബറിങ്കല്‍ എത്തിച്ചേരും. തിരുവല്ല, മാര്‍ത്താണ്ഡം, പാറശാല എന്നിവിടങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടന പദയാത്രകളും ഇന്നു വൈകുന്നേരം കബറില്‍ എത്തിച്ചേരും.
കേരളത്തിന് പുറത്ത് പുത്തൂര്‍, പൂന, ഒഡീഷ, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ ഇന്ന്  രാവിലെ പിരപ്പന്‍കോടുനിന്ന് പ്രധാന പദയാത്രയോടു ചേര്‍ന്നിരുന്നു. ഈ വര്‍ഷം ഗള്‍ഫ് മേഖലയില്‍നിന്നുള്ള തീര്‍ത്ഥാടകരും പദയാത്രയില്‍ പങ്കുചേര്‍ന്നിരുന്നു.
നാളെ (ജൂലൈ 15) രാവിലെ എട്ടിന് ആഘോഷങ്ങള്‍ ആരംഭിക്കും. ഈ വര്‍ഷത്തെ മുഖ്യാഥിതി ആര്‍ച്ചുബിഷപ് പോള്‍ ഗല്ലഗറിന് കത്തീഡ്രല്‍ ഗേറ്റില്‍ സഭയുടെ ഔദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന് മെത്രാന്മാരും അഞ്ഞൂറോളം വൈദികരും ചേര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും നേര്‍ച്ചയും നടക്കും.

Tags

Share this story

From Around the Web