രാത്രിയുടെ മറവില്‍ ചന്ദനക്കൊള്ള; മാറനല്ലൂരില്‍ വന്‍ മരംവെട്ട്, പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട രണ്ടാമനും വലയില്‍!

 
police123

തിരുവനന്തപുരം: ജനവാസമില്ലാത്ത പുരയിടങ്ങള്‍ കേന്ദ്രീകരിച്ച് തലസ്ഥാനത്ത് വീണ്ടും ചന്ദനക്കൊള്ള സംഘങ്ങള്‍ സജീവമാകുന്നു. മാറനല്ലൂര്‍ അരുമാളൂരില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ വിലപിടിപ്പുള്ള ചന്ദനമരം അര്‍ദ്ധരാത്രിയില്‍ മുറിച്ചു കടത്താന്‍ ശ്രമിച്ച രണ്ടുപേരെ മാറനല്ലൂര്‍ പൊലീസ് സാഹസികമായി പിടികൂടി. പാറശാല കുറുങ്കുണ്ടി സ്വദേശി സുകു, ഇയാളുടെ സുഹൃത്ത് ബിജു എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.

സെപ്റ്റംബര്‍ 17-ന് പുലര്‍ച്ചെ 12:30 ഓടെയാണ് സംഭവം. കരമന നെടുങ്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അരുമാളൂരിലെ ആളൊഴിഞ്ഞ പുരയിടത്തിലാണ് പ്രതികള്‍ ഒളിച്ചത്. രാത്രി മരം വെട്ടി വീഴ്ത്തുന്ന ശബ്ദം കേട്ട് സംശയം തോന്നിയ പുരയിടത്തിലെ നോട്ടക്കാരന്‍ പരിശോധനയ്ക്കെത്തിയപ്പോഴാണ് മരം മുറിച്ചു മാറ്റുന്ന സംഘത്തെ കണ്ടത്. നോട്ടക്കാരന്‍ ഉടന്‍ തന്നെ വിവരം വസ്തു ഉടമസ്ഥനെയും മാറനല്ലൂര്‍ പൊലീസിനെയും അറിയിക്കുകയായിരുന്നു.


വിവരമറിഞ്ഞ് നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രദേശത്ത് മിന്നല്‍ പരിശോധന നടത്തി. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുകുവിനെ സംഭവസ്ഥലത്തു വച്ചുതന്നെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൂടെയുണ്ടായിരുന്നത് പാറശാല സ്വദേശിയായ ബിജുവാണെന്ന വിവരവും ഒളിസങ്കേതത്തെക്കുറിച്ചുള്ള സൂചനയും ലഭിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഒളിവിലായിരുന്ന ബിജുവിനെയും പൊലീസ് വലയിലാക്കി.

പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ചന്ദനമരക്കഷണങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് മേല്‍നടപടികള്‍ക്കായി വനംവകുപ്പിന് കൈമാറി. പിടിയിലായ സുകുവിന് വന്‍കിട ചന്ദനക്കൊള്ള സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രദേശത്ത് സമാനരീതിയില്‍ മുന്‍പും മരംവെട്ട് നടന്നിട്ടുണ്ടോ എന്നും കൂടുതല്‍ പേര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

Tags

Share this story

From Around the Web