യുകെയെ വീണ്ടും വിശുദ്ധമാക്കുക. ബ്രിട്ടന്റെ ക്രിസ്തീയ ഉണര്‍വിന് ഓഗസ്റ്റിൽ ലണ്ടനിൽ സമ്മേളനം

 
Uk

ലണ്ടന്‍: യു‌കെയുടെ ക്രിസ്തീയ ഉണര്‍വിനായി "യുകെയെ വീണ്ടും വിശുദ്ധമാക്കുക" എന്ന പേരിൽ അടുത്ത മാസം ബ്രിട്ടനില്‍ സമ്മേളനം നടക്കും. ഓഗസ്റ്റ് 4 മുതൽ 7 വരെ ലണ്ടനിൽവെച്ചാണ് പരിപാടി ഒരുക്കുന്നത്. ലണ്ടൻ ഷെപ്പേർഡ് ചർച്ചുമായി സഹകരിച്ച് എസ്തർ പ്രാർത്ഥന കൂട്ടായ്മ സംഘടിപ്പിക്കുന്ന നാല് ദിവസത്തെ പരിപാടിയില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. കഴിഞ്ഞ വർഷം ജോർജിയയിലെ അറ്റ്‌ലാന്റയില്‍ നടന്ന "മേക്ക് ദി യുഎസ്എ ഹോളി എഗെയ്ൻ" പരിപാടിയുടെ മാതൃകയിലാണ് ലണ്ടനിലും സമ്മേളനം ഒരുങ്ങുന്നത്.

ദക്ഷിണ കൊറിയ, അമേരിക്ക, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ക്രൈസ്തവര്‍ ഇമ്മാനുവൽ സെന്ററില്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കും. യുകെയിലെ വിവിധ തലമുറകളിലും, വിവിധ പ്രദേശങ്ങളിലും, വിവിധ ക്രൈസ്തവ വിഭാഗങ്ങളിലും ഉള്ളവര്‍ രാജ്യത്തിന്റെ ഉണർവ്വിനായി പ്രാർത്ഥിക്കാൻ ഒത്തുകൂടുമെന്നു ക്രിസ്ത്യന്‍ കണ്‍സേണ്‍ സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ആൻഡ്രിയ വില്യംസ് പറഞ്ഞു. ഹൃദയങ്ങളെയും സമൂഹങ്ങളെയും രാഷ്ട്രത്തെയും പരിവർത്തനം ചെയ്യുന്ന ദൈവീക ഇടപെടലിനായാണ് ഞങ്ങൾ ഒരുമിച്ച് നിലവിളിക്കുന്നതെന്ന് ആൻഡ്രിയ കൂട്ടിച്ചേര്‍ത്തു.

ക്രിസ്തീയ വിശ്വാസത്തോടുള്ള പുതിയ അഭിനിവേശം ജ്വലിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രാർത്ഥന, ആരാധന, ഉപവാസം, പ്രഭാഷണങ്ങൾ എന്നിവ പരിപാടിയിൽ ഉൾപ്പെടുത്തും. കൊറിയ, അമേരിക്ക, ഇസ്രായേൽ, തുടങ്ങീ നിരവധി രാജ്യങ്ങളില്‍ ആത്മീയ ഐക്യത്തിനും പുനരുജ്ജീവനത്തിനും വേണ്ടി മധ്യസ്ഥത വഹിക്കുന്ന എസ്തർ പ്രയര്‍ മൂവ്മെന്‍റ് വിവിധയിടങ്ങളില്‍ നവസുവിശേഷവത്ക്കരണത്തിന് വേണ്ടി ഇടപെടല്‍ നടത്തുന്നുണ്ട്. യുകെയിലും യൂറോപ്യന്‍ ഭൂഖണ്ഡത്തിലും വലിയ ആത്മീയ നവീകരണത്തിന് പരിപാടി ഉത്തേജകമായി വർത്തിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

Tags

Share this story

From Around the Web