ലിയോ പാപ്പയെ സ്‌നേഹപൂര്‍വ്വം വരവേറ്റ് സാന്‍ മരീനോ
ലോകത്തിലെ ഏറ്റവും പുരാതന റിപ്പബ്ലിക്കായ സാന്‍ മരീനോയിലേക്കുള്ള അപ്പോസ്‌തോലിക യാത്രയുടെ ഭാഗമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ രാജ്യത്തെ സിവില്‍ ഭരണാധികാരികളുമായും നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.
സാന്‍ മരീനോയെ ''നല്ല രാഷ്ട്രീയത്തിന്റെ മാതൃകാ കേന്ദ്രം'' എന്ന് വിശേഷിപ്പിച്ച മാര്‍പാപ്പ, രാഷ്ട്രീയം എപ്പോഴും ഓരോ മനുഷ്യന്റെയും അന്തസ്സും പൊതുനന്മയും സംരക്ഷിക്കുന്നതിനായി നിലകൊള്ളണമെന്ന് ആഹ്വാനം ചെയ്തു.
വ്യക്തിസ്വാതന്ത്ര്യവും മാന്യതയും ഉറപ്പുവരുത്താതെ ഒരു സമൂഹത്തിലും യഥാര്‍ത്ഥ സിവില്‍ സ്വാതന്ത്ര്യം നിലനില്‍ക്കില്ലെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.
മനുഷ്യന്റെ ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെയുള്ള മുഴുവന്‍ ജീവിതഘട്ടങ്ങളിലും ഈ അന്തസ്സ് സംരക്ഷിക്കപ്പെടണം.
നൂറ്റാണ്ടുകളായി സാന്‍ മരീനോ കാത്തുസൂക്ഷിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും പാരമ്പര്യത്തെ മാര്‍പാപ്പ പ്രശംസിച്ചു.
ഗ്രാമീണ മേഖലകളില്‍ നിന്നും മറ്റും ആളുകള്‍ കുടിയൊഴിഞ്ഞു പോകുന്ന സാഹചര്യത്തില്‍, പരസ്പര സഹകരണത്തിലൂടെയും ഐക്യദാര്‍ഢ്യത്തിലൂടെയും പ്രതിസന്ധികളെ തരണം ചെയ്യുന്ന പ്രാദേശിക സമൂഹങ്ങളെ മാര്‍പാപ്പ അഭിനന്ദിച്ചു.
അധികാരം സ്വന്തം നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാതെ, ദരിദ്രരുടെയും സാധാരണക്കാരുടെയും ക്ഷേമത്തിനും സഹായത്തിനുമായി വിനിയോഗിക്കുന്ന രാഷ്ട്രീയ ശൈലിയാണ് ആവിശ്യമെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.