സ്വവര്‍ഗ വിവാഹത്തിന് അനുമതിയില്ല; കത്തോലിക്കമൂല്യങ്ങളില്‍ അടിയുറച്ച് നിലപാടുമായി പോളിഷ് പ്രസിഡന്റ്
വാര്‍സോ: യൂറോപ്യന്‍ യൂണിയന്റെ സമ്മര്‍ദ്ദത്തെ അതിജീവിച്ച് രാജ്യത്തിന്റെ കത്തോലിക്കാ മൂല്യങ്ങളും ഭരണഘടനാ തത്വങ്ങളും സംരക്ഷിക്കുന്ന ഉറച്ച നിലപാടുമായി പോളിഷ് പ്രസിഡന്റും ഭരണഘടനാ കോടതിയും. സ്വവര്‍ഗവിഹാത്തിന് നിയമസാധുത നല്‍കാനുള്ള ഗവണ്‍മെന്റ് ശ്രമങ്ങളെ വീറ്റോ ചെയ്തതിന് പിന്നാലെ സ്വവര്‍ഗവിവാഹത്തിന് പോളണ്ടില്‍ അനുതി ലഭ്യമാക്കാനാള്ള യൂറോപ്യന്‍ യൂണിയന്റെ സമ്മര്‍ദ്ദങ്ങളെ തള്ളിക്കൊണ്ട് രാജ്യത്തിന്റെ ഭരണഘടനാ കോടതിയും വിധി പുറപ്പെടുവിക്കുകയായിരുന്നു.
ജൂലൈ മാസത്തിലാണ് സ്വവര്‍ഗ പങ്കാളികള്‍ക്ക് വിവാഹത്തിന് സമാനമായ അവകാശങ്ങള്‍ നല്‍കുന്ന സിവില്‍ യൂണിയന്‍ ബില്‍ പ്രസിഡന്റ് നവ്റോക്കി വീറ്റോ ചെയ്തത്. പോളിഷ് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 18 പ്രകാരം വിവാഹം എന്നത് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള പവിത്രമായ ബന്ധമാണെന്നും, അതിന് മാറ്റം വരുത്തുന്ന ഒരു നിയമത്തിനും താന്‍ അംഗീകാരം നല്‍കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തുടര്‍ന്ന് ഓഗസ്റ്റ് ആദ്യവാരത്തില്‍, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ വെച്ച് നടക്കുന്ന സ്വവര്‍ഗ വിവാഹങ്ങള്‍ പോളണ്ടിലും അംഗീകരിക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശം പോളണ്ടിലെ ഭരണാഘടനാ കോടതിയും ഐക്യകണ്ഠേന തള്ളുകയായിരുന്നു. എല്ലാ അംഗരാജ്യങ്ങളിലും സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് അംഗീകാരം ലഭ്യമാക്കുക എന്നത് യൂറോപ്യന്‍ കമ്മീഷന്റെ നയമാണ്. എന്നാല്‍, വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പൂര്‍ണമായും അതത് രാജ്യങ്ങളുടെ ആഭ്യന്തര അധികാരപരിധിയില്‍ വരുന്നതാണെന്ന് പരമ്പരാഗതമായി കത്തോലിക്ക മൂല്യങ്ങളില്‍ അടിയുറച്ച് നില്‍ക്കുന്ന പോളിഷ് കത്തോലിക്കര്‍ ചൂണ്ടിക്കാണിക്കുന്നു. യൂറോപ്യന്‍ യൂണിയനിലെ പല രാജ്യങ്ങളിലും വീശിയടിക്കുന്ന ലിബറല്‍ പുരോഗമന വീക്ഷണങ്ങളില്‍ അടിപതറാതെ നില്‍ക്കുന്ന പോളണ്ട് ഭാവിയില്‍ യുറോപ്പിനെ ശരിയായ ദിശയിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് യൂറോപ്പിലെമ്പാടുമുള്ള കത്തോലിക്ക വിശ്വാസികള്‍.