രക്ഷ ഒരു ആശയമല്ല മറിച്ച് ക്രിസ്തു എന്ന ജീവിക്കുന്ന വ്യക്തിയാണ്: പാപ്പാ
ലോകമെമ്പാടുമുള്ള, മിലിറ്ററി അജപാലന മേഖലയില്‍ സേവനം ചെയ്യുന്നവര്‍ തമ്മിലുള്ള സംഭാഷണവും സഹകരണവും തുടരാനും, ആഴത്തിലാക്കാനും ആഹ്വാനം ചെയ്തു കൊണ്ട്, ഇറ്റലിയിലെ മിലിറ്ററി അജപാലന മേഖലയില്‍ സേവനം ചെയ്യുന്നവരുമായി ലിയോ പതിനാലാമന്‍ പാപ്പാ കൂടിക്കാഴ്ച്ച നടത്തുകയും, സന്ദേശം നല്‍കുകയും ചെയ്തു.
സ്മരണകള്‍ നശിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നും, എന്നാല്‍, സഭയുടെ കാഴ്ചപ്പാടില്‍ ഓര്‍മ്മ എന്നത്, വിവരങ്ങളുടെ ശേഖരണമല്ല, മറിച്ച്, ജീവനുള്ള ഒരു മനഃസാക്ഷിയാണെന്നും, അത് നമ്മുടെ ഉത്തരവാദിത്വത്തെ പറ്റി നമ്മെ അനുസ്മരിപ്പിക്കുന്നതും, പ്രവചനങ്ങളെ സംജാതമാക്കുന്നതാണെന്നും പാപ്പാ പറഞ്ഞു.
ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം, ചരിത്രത്തിലേക്ക് കടന്നു വരുന്ന ഒരു ദൈവത്തിന്റെയും, ചരിത്രത്തില്‍ അധിഷ്ഠിതമായ ഒരു വിശ്വാസത്തിന്റെയും, ആശയമായി ഒതുങ്ങാതെ യേശുക്രിസ്തുവെന്ന വ്യക്തിയില്‍ വെളിവാക്കപ്പെട്ട രക്ഷയുടെയും, സ്മരണ വ്യതിരിക്തമാണെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.
സമാധാനത്തിന്റെ ശോഭനമായ നാളുകളിലും യുദ്ധത്തിന്റെ നാടകീയമായ നാളുകളിലും, ത്യാഗത്തോടും ധൈര്യത്തോടും അര്‍പ്പണബോധത്തോടും കൂടി, യൂണിഫോമിലുള്ള വനിതകളും, പുരുഷന്മാരും സഭയിലെ അജപാലകര്‍ക്കൊപ്പം നടന്നതിന്റെ സ്മരണയാണ്, ഇറ്റലിയിലെ മിലിറ്ററി അജപാലന മേഖലയുടെ ശതാബ്ദി വേള അടയാളപ്പെടുത്തുന്നതെന്നും പാപ്പാ പറഞ്ഞു.
മിലിറ്ററി അംഗങ്ങളുടെ സേവനം, രാഷ്ട്രത്തോടും, ജനതയോടുമുള്ള, പ്രത്യേകിച്ച് ദുര്‍ബലരായ ആളുകളോടുള്ള സ്‌നേഹത്തിന്റെ ഒരു പ്രവൃത്തിയാണെന്നു പാപ്പാ ഓര്‍മ്മപ്പെടുത്തി.
കര്‍ത്താവിനു വേണ്ടി, അവന്റെ അജഗണങ്ങളെ ശുശ്രൂഷിക്കുവാനുള്ള വിളിയാണ്, മിലിട്ടറി അജപാലന ശുശ്രൂഷയെന്നും പാപ്പാ അടിവരയിട്ടു പറഞ്ഞു.
മനുഷ്യന്റെ ചലനാത്മകതയും സാംസ്‌കാരിക ബഹുസ്വരതയും അടയാളപ്പെടുത്തിയ ഒരു സമൂഹത്തില്‍, ഐക്യത്തിന്റെ ഉപകരണമായി മാറുന്ന ഒരു സഭയ്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് ജനങ്ങള്‍, സംസ്‌കാരങ്ങള്‍, മതങ്ങള്‍ എന്നിവ തമ്മിലുള്ള കൂട്ടായ്മയുടെ സേവനമാണ്, മിലിറ്ററി അജപാലകര്‍ ചെയ്യുന്നതെന്നും അത് നിശ്ശബ്ദമായ ഒരു ശുശ്രൂഷയാണെന്നും പാപ്പാ എടുത്തുപറഞ്ഞു.
ദുര്‍ബലരെ സംരക്ഷിക്കുക, സമാധാനപരമായ സഹവര്‍ത്തിത്വം സംരക്ഷിക്കുക, ദുരന്തങ്ങളില്‍ ഇടപെടുക, സമാധാനം സംരക്ഷിക്കുന്നതിനും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള അന്താരാഷ്ട്ര ദൗത്യങ്ങളില്‍ പ്രവര്‍ത്തിക്കുക എന്നിങ്ങനെയുള്ള, മിലിറ്ററി അജപാലകരുടെ സേവനങ്ങളെ, വെറുതെ ഒരു തൊഴിലായി ചുരുക്കുവാന്‍ സാധിക്കില്ലെന്നും, മറിച്ച്, ഔദാര്യം, സേവന മനോഭാവം, ഉയര്‍ന്ന അഭിലാഷങ്ങള്‍, ആഴത്തിലുള്ള വികാരങ്ങള്‍ എന്നിവയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൃപയുടെ ദാനമാണെന്നു പാപ്പാ ചൂണ്ടിക്കാട്ടി.
ഇവയെയെല്ലാം സുവിശേഷത്തിന്റെ പ്രചോദനത്താല്‍ ഊട്ടിയുറപ്പിക്കണമെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.