പശ്ചിമ ബംഗാളിൽ സലേഷ്യൻ സന്യാസിനികൾക്ക് നേരെ സംഘം ചേർന്ന് ഭീഷണി

 
saleshian nuns

ജൂലൈ 12 ന് ബരാസത്തിലെ ഓക്സിലിയം സലേഷ്യൻ സിസ്റ്റേഴ്‌സിന്റെ കോൺവെന്റിലേക്ക് 60 ഓളം പേരടങ്ങുന്ന ഒരു സംഘം അതിക്രമിച്ചു കയറി, നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു സ്മാരക ചാപ്പലും സെമിത്തേരിയും ഉടൻ പൊളിച്ചുമാറ്റിയില്ലെങ്കിൽ കന്യാസ്ത്രീകളെ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി എഫ്എംഎ സലേഷ്യൻ സിസ്റ്റേഴ്‌സും ഓൾ ഇന്ത്യ കാത്തലിക് യൂണിയനും അറിയിച്ചു.

തങ്ങളുടെ സഭയിലെ അംഗങ്ങൾക്കായി ഉദ്ദേശിച്ചിരുന്ന സെമിത്തേരിക്ക് മുൻ സംസ്ഥാന ഭരണകൂടത്തിന്റെ കീഴിൽ നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ സർക്കാർ അനുമതികളും ലഭിച്ചിരുന്നു. സർക്കാർ മാറിയതിനെത്തുടർന്ന് പദ്ധതിക്ക് എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അതിനുശേഷം പ്രതിഷേധൾ പല ദിക്കുകകളിൽ നിന്നായി ഉയരുകയായിരുന്നു എന്നും എഫ്എംഎ സിസ്റ്റേഴ്‌സ് പറയുന്നു. കോൺവെന്റിൽ നടന്ന ആൾക്കൂട്ട ആക്രമണത്തെ ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ അപലപിച്ചു.

സിസ്റ്റേഴ്‌സിനെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് സംഘടന ആരോപിച്ചു. "നിങ്ങളുടെ സർക്കാർ ഇനിയില്ല, ഇനി ഞങ്ങളുടെ സർക്കാരാണ്" എന്ന് കന്യാസ്ത്രീകളോട് അതിക്രമിച്ച് എത്തിയവർ പറഞ്ഞതായി സംഘടന പറയുന്നു. പശ്ചിമ ബംഗാളിലെ വിവിധ ഭാഗങ്ങളിലുള്ള ക്രിസ്ത്യൻ സ്ഥാപനങ്ങളെ ലക്ഷ്യം വച്ചുള്ള വ്യാപകമായ പീഡനത്തിന്റെ ഭാഗമാണ് ഈ സംഭവമെന്നും എ.ഐ.സി.യു അവകാശപ്പെട്ടു. ന്യൂനപക്ഷ സമുദായങ്ങൾക്ക് അവരുടെ വിശ്വാസം ആചരിക്കാനും അവരുടെ സ്ഥാപനങ്ങളും സ്വത്തുക്കളും കൈകാര്യം ചെയ്യാനുമുള്ള ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് ഈ സംഭവം ആശങ്ക ഉയർത്തുന്നുണ്ടെന്നും എ.ഐ.സി.യു പറഞ്ഞു.

സലേഷ്യൻ സിസ്റ്റേഴ്‌സിനും അവരുടെ സ്ഥാപനങ്ങൾക്കും സുരക്ഷ നൽകണമെന്നും, നിയമപരമായി അംഗീകരിച്ച സെമിത്തേരിയും സ്മാരക ചാപ്പലും സംരക്ഷിക്കണമെന്നും, ഭീഷണികൾക്ക് ഉത്തരവാദികളായവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും യൂണിയൻ പശ്ചിമ ബംഗാൾ സർക്കാരിനോട് ആവശ്യപ്പെട്ടു. സമാനമായ സംഭവങ്ങൾ തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യം ഉയരുന്നു

Tags

Share this story

From Around the Web