സ്കൂളിൽ വാറ്റ് ചാരായം വിൽപന! ഉച്ചഭക്ഷണ സമയത്ത് വില്‍പ്പന; വിദ്യാർത്ഥി കുപ്പിയുമായി വരുന്നത് ഇത് മൂന്നാം തവണ

 
police station

കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ നിന്ന് വാറ്റ് ചാരായം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്താം ക്ലാസ് വിദ്യാർത്ഥി സ്കൂളിലേക്ക് മദ്യം എത്തിക്കുന്നത് ഇത് മൂന്നാം തവണയാണെന്ന് സഹപാഠികളെ ചോദ്യം ചെയ്തതിൽ നിന്നും പോലീസിന് വ്യക്തമായി. സംഭവത്തിൽ അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത താമരശ്ശേരി പോലീസ്, കുട്ടിയെ കരുവാക്കിയ മുഖ്യപ്രതിയായ രണ്ടാനച്ഛനായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

സ്കൂളിലെ പിടിഎ പ്രസിഡന്റ് നൽകുന്ന വിവരങ്ങൾ പ്രകാരം വളരെ ആസൂത്രിതമായാണ് സ്കൂളിനുള്ളിൽ മദ്യവിൽപന നടന്നിരുന്നത്. വീട്ടിൽ നിന്ന് 500 മില്ലി ലിറ്ററിന്റെ പ്ലാസ്റ്റിക് ബോട്ടിലുകളിലാക്കിയാണ് വിദ്യാർത്ഥി ചാരായം ബാഗിൽ ഒളിപ്പിച്ചു കൊണ്ടുവന്നിരുന്നത്. സ്കൂളിലെ ഉച്ചഭക്ഷണ സമയത്താണ് താല്പര്യമുള്ള മറ്റ് സഹപാഠികൾക്ക് പണം വാങ്ങി മദ്യം നൽകിയിരുന്നത്. കൂടുതൽ കുട്ടികളിലേക്ക് മദ്യവിൽപന വ്യാപിപ്പിക്കാൻ ശ്രമം നടന്നതോടെയാണ് മദ്യം കഴിക്കാത്ത മറ്റ് വിദ്യാർത്ഥികൾ വിവരം അധ്യാപകരെ അറിയിച്ചത്. തുടർന്ന് അധ്യാപകർ നടത്തിയ ബാഗ് പരിശോധനയിലാണ് വാട്ടർ ബോട്ടിലിൽ സൂക്ഷിച്ച ചാരായം കണ്ടെത്തിയത്. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുട്ടിയുടെ രണ്ടാനച്ഛനാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തി.

വിൽപനയ്ക്കായി കൃത്യമായി കുപ്പികളിലാക്കി കുട്ടിയുടെ ബാഗിൽ മദ്യം വെച്ചു കൊടുത്തിരുന്നത് ഇയാളാണ്. വ്യാജ മദ്യം നിർമ്മിക്കുന്നതിനും വാറ്റുന്നതിനും ഇയാൾ ഈ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപയോഗിച്ചിട്ടുണ്ടോ എന്നും പോലീസ് ആഴത്തിൽ പരിശോധിക്കുന്നുണ്ട്. അധ്യാപകർ വിവരം അറിയിച്ചതിനെ തുടർന്ന് സ്കൂളിലെത്തിയ പോലീസ് രണ്ട് വിദ്യാർത്ഥികളെ ആദ്യം കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥിയുടെ വീട്ടുപറമ്പിലും സമീപത്തെ തോട്ടത്തിലും പോലീസ് നടത്തിയ വ്യാപക തെരച്ചിലിൽ 56 കുപ്പികളിലായി സൂക്ഷിച്ച 28 ലിറ്റർ വാറ്റ് ചാരായം കൂടി കണ്ടെടുക്കുകയായിരുന്നു.
 

Tags

Share this story

From Around the Web