ഡിആര്‍സിയിലെ ലുബുംബാഷി കത്തോലിക്കാ അതിരൂപതയിലെ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ഇടവക ദൈവാലയത്തിലെ സക്രാരിയും തിരുവസ്ത്രങ്ങളുമടക്കം സകലതും കൊള്ളയടിച്ചു. ദൈവാലയം അടച്ചു

 
mary

കിന്‍ഷാസാ: സക്രാരിയും തിരുവസ്ത്രങ്ങളുമടക്കം ദിവ്യബലിക്ക് ഉപയോഗിക്കുന്ന സകല വസ്തുക്കളും കവര്‍ച്ച ചെയ്തതിനെ തുടര്‍ന്ന് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ(ഡിആര്‍സി) ദൈവാലയം അടച്ചു.

ജൂണ്‍ 30-ന് നടന്ന കവര്‍ച്ചയില്‍ ഡിആര്‍സിയിലെ ലുബുംബാഷി കത്തോലിക്കാ അതിരൂപതയിലെ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ഇടവക ദൈവാലയത്തിലെ സകല വസ്തുക്കളും കൊള്ളയടിക്കപ്പെട്ടതായി അതിരൂപത സ്ഥിരീകരിച്ചു.

മോഷ്ടാക്കള്‍ അലമാര കാലിയാക്കി, ആരാധനാ വസ്ത്രങ്ങള്‍, കുരിശുകള്‍, അള്‍ത്താര തുണി, മിക്‌സര്‍, ഡ്രമ്മുകള്‍, മൈക്രോഫോണുകള്‍, ആരാധനാ പുസ്തകങ്ങള്‍  ചുരുക്കത്തില്‍, എല്ലാം കവര്‍ച്ച ചെയ്തതായി അതിരൂപതയുടെ വികാര്‍ ജനറാള്‍ ഫാ. ഇമ്മാനുവേല്‍ മുംബ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ദൈവാലയത്തെയോ ഇടവകയെയോ അല്ല ഇവര്‍ അക്രമിച്ചതെന്നും ക്രിസ്തുവിന്റെ ശരീരത്തെയാണ് ഇവര്‍ അക്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


സക്രാരിയും ദിവ്യബലിയുടെ പുസ്തകങ്ങളും ഉള്‍പ്പടെ സകലതും അക്രമികള്‍ നശിപ്പിച്ചതായി ഇടവക വികാരി ഫാ. ലൂസയന്‍ കാബൂലോ മാധ്യമങ്ങളോട് പറഞ്ഞു. സഭയുമായി ഒരു ഭൂമി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട വ്യക്തികളാണ് ഈ അക്രമത്തിന് പിന്നിലെന്നും പോലീസും നീതിന്യായ വകുപ്പും നീതി നടപ്പാക്കണമെന്നും ഫാ. മുംബെ ആവശ്യപ്പെട്ടു. ദൈവാലയം അശുദ്ധമാക്കിയ സാഹചര്യത്തില്‍ പരിഹാരകര്‍മങ്ങളനുഷ്ഠിച്ച് വെഞ്ചിരിക്കുന്നത് വരെ ദൈവാലയം വീണ്ടും തുറക്കില്ലെന്ന് വികാരി ജനറാള്‍ വ്യക്തമാക്കി.

Tags

Share this story

From Around the Web