ക്രിസ്തുവിനെ അനുഗമിക്കാനും സഹോദരങ്ങളെ ശുശ്രൂഷിക്കാനുമാണ് സന്ന്യസ്തര്‍ വിളിക്കപ്പെട്ടിരിക്കുന്നത്: ലിയോ പതിനാലാമന്‍ പാപ്പാ

വത്തിക്കാന്‍സിറ്റി: ക്രിസ്തുവുമായുള്ള ബന്ധവും, അവന്റെ ശരീരമാകുന്ന സഭയിലെ ശുശ്രൂഷയും അനുസ്യൂതം തുടരാനും, അതുവഴി സമര്‍പ്പിതജീവിതം മെച്ചപ്പെടുത്താനും സന്ന്യസ്തസമൂഹങ്ങളെ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമന്‍ പാപ്പാ.
ജനറല്‍ ചാപ്റ്ററിന്റെയും ജൂബിലി തീര്‍ത്ഥാടനത്തിന്റെയും ഭാഗമായി റോമിലെത്തിയ ദിവ്യകാരുണ്യത്തിന്റെ മക്കള്‍, ബസിലിയോയുടെ സമൂഹം, അഗസ്റ്റീനിയന്‍ സംരക്ഷണത്തിന്റെ സഹോദരിമാര്‍, തിരുഹൃദയങ്ങളുടെ ഫ്രാന്‍സിസ്‌കന്‍ സഹോദരിമാര്‍ എന്നീ സന്ന്യസ്തസഭാസമൂഹങ്ങളില്‍നിന്നുള്ള സിസ്റ്റര്‍മാര്‍ക്ക് ജൂണ്‍ 30 തിങ്കളാഴ്ച വത്തിക്കാനില്‍ അനുവദിച്ച സ്വകാര്യകൂടിക്കാഴ്ചാസമ്മേളനത്തിലാണ് സമര്‍പ്പിതജീവിതത്തില്‍ കൂടുതല്‍ ഊര്‍ജ്വസലതയോടെയും സമര്‍പ്പണത്തോടെയും തുടരേണ്ടതിന്റെ ആവശ്യത്തിലേക്ക് പാപ്പാ വിരല്‍ ചൂണ്ടിയത്.
വ്യത്യസ്ത കാലങ്ങളിലും സാഹചര്യങ്ങളിലും ഉണ്ടായ വിവിധ സമൂഹങ്ങളിലെ അംഗങ്ങളാണെങ്കിലും, വിശുദ്ധ അഗസ്റ്റിന്റെയും ബസിലിയോയുടെയും ഫ്രാന്‍സിസിന്റെയും ആദ്ധ്യാത്മികത തുടരുന്ന നിങ്ങളുടെ സമര്‍പ്പിതജീവിതത്തില്‍ ശുശ്രൂഷയുടെ വിവിധ മാര്‍ഗ്ഗങ്ങളാണ് നമുക്ക് കാണാന്‍ സാധിക്കുകയെന്നും, ഇത് സമൂഹത്തിലെ കൂടുതല്‍ ദുര്‍ബലരായ കുട്ടികള്‍ക്കും പാവപ്പെട്ട കുട്ടികള്‍ക്കും അനാഥര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വയോധികര്‍ക്കും രോഗികള്‍ക്കും നിങ്ങള്‍ ചെയ്യുന്ന കാരുണ്യത്തിന്റെ ശുശ്രൂഷയിലൂടെയാണ് വ്യക്തമാകുന്നതെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.
സുവിശേഷത്തിന്റെ ജ്ഞാനത്തില്‍, പരിശുദ്ധാത്മാവിനാല്‍ പ്രേരിതരായി, സമയത്തിന്റെ അടയാളങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തിരിച്ചറിഞ്ഞ്, ദൈവത്തോടും സഹോദരങ്ങളോടുമുള്ള സ്‌നേഹത്തില്‍ അധിഷ്ഠിതമായി, പുതിയ മാര്‍ഗ്ഗങ്ങളിലൂടെയാണ് നിങ്ങള്‍ നിങ്ങളുടെ സേവനം തുടരേണ്ടതെന്ന് പാപ്പാ എടുത്തുപറഞ്ഞു.
കാരുണ്യമേഖലയില്‍ ശുശ്രൂഷ ചെയ്യുന്ന സന്ന്യസ്തസമൂഹാംഗങ്ങളില്‍ അപ്പസ്‌തോലിക ചൈതന്യത്തിന്റെ പ്രാധാന്യവും, അവരുടെ പ്രവര്‍ത്തനങ്ങളില്‍ സമര്‍പ്പിത ചൈതന്യവും ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ എടുത്തുപറയുന്നുണ്ടെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.
വിശുദ്ധ അഗസ്റ്റിന്റെ ആധ്യാത്മിക ഉദ്‌ബോധനങ്ങളെ പരാമര്‍ശിച്ചുകൊണ്ട്, ജീവിതത്തില്‍ കര്‍ത്താവിനുള്ള സ്ഥാനം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. മാനുഷികമായ രീതിയില്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് കരുതാതിരുന്ന പലതും ചെയ്യാന്‍ നമുക്ക് മുന്‍പേ പോയ സമര്‍പ്പിതരായ സ്ത്രീപുരുഷന്മാര്‍ക്ക് കഴിഞ്ഞതും, ഇന്ന് ലോകമെങ്ങും വ്യാപിക്കുന്ന തരത്തില്‍ നന്മയുടെ വിത്ത് വിതച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ സാധിച്ചതും കര്‍ത്താവുമായുള്ള അവരുടെ ബന്ധത്തിന്റെ സഹായത്താലാണെന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.
സന്ന്യസ്തര്‍ ജനറല്‍ ചാപ്റ്ററിന്റെയും ജൂബിലിതീര്‍ത്ഥാടനത്തിന്റെയും പശ്ചാത്തലത്തില്‍ റോമിലെത്തിയതുമായി ബന്ധപ്പെടുത്തി, നിങ്ങളുടെ സഭാസമൂഹത്തിന്റെയും സഹോദരിമാരുടെയും സഭയുടെ തന്നെയും ഭാവിയെ ബാധിക്കുന്ന തീരുമാനങ്ങളാണ് നിങ്ങള്‍ എടുക്കുന്നവയെന്ന് അനുസ്മരിക്കാനും ഓര്‍മ്മിപ്പിച്ച പാപ്പാ, ഉത്തരവാദിത്വപരമായി തീരുമാനങ്ങള്‍ എടുക്കാന്‍ അവരോട് ആഹ്വാനം ചെയ്തു.
വിശുദ്ധ പൗലോസ് എഫേസൂസ്‌കാര്‍ക്കെഴുതിയ ലേഖനത്തിലെ സന്ദേശം ഉദ്ധരിച്ചുകൊണ്ട് ക്രിസ്തു നിങ്ങളുടെ ഹൃദയത്തില്‍ വസിക്കട്ടെയെന്നും ക്രിസ്തുവിന്റെ സ്‌നേഹം ഗ്രഹിച്ച് ദൈവത്തിന്റെ സമ്പൂര്‍ണ്ണതയില്‍ പൂരിതരാകാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെയെന്നും സന്ന്യസ്തകളോട് പാപ്പാ ആശംസിച്ചു.