വിശുദ്ധ തോമാശ്ലീഹ അർപ്പണ ബോധത്തിന്റെ പ്രതീകം: മുഖ്യമന്ത്രി വി.ഡി സതീശൻ

 
08888

തിരുവനന്തപുരം: വിശുദ്ധ തോമാശ്ലീഹ അർപ്പണ ബോധത്തിൻ്റെ പ്രതീകമാണെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. ലൂർ ദ് ഫൊറോന എപിജെഎം ഹാളിൽ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദുക്റാന സ്നേഹ സംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. യേശുവിന്റെ ശിഷ്യന്മാരിൽ തനിക്ക് ഏറ്റവും ഇഷ്‌ടമുള്ള ശിഷ്യനാണ് തോമാശ്ലീഹ. വിശ്വസിക്കുന്ന കാര്യത്തിനു വേണ്ടി ഉറച്ചു നിൽക്കുകയും അത് ലോകമെങ്ങും എത്തിക്കുന്നതിനായി അദ്ദേഹം ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ചെയ്തു.

എത്രയോ ദുർഘടമായ ഘട്ടങ്ങളിലൂടെ ഇതിനായി സഞ്ചരിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ വിശ്വസിക്കുന്ന അദ്ദേഹത്തെ സയൻ്റിസ്റ്റുകളുടെ മധ്യസ്ഥനായും കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായുള്ള തൻ്റെ നിയോഗം ദൈവനിയോഗമായി കാണുന്നു. സാധാരണക്കാരെ, കഷ്‌ടപ്പെടുന്നവരെ ചേർത്തു പിടിക്കുന്നതിനുള്ള ദൈവ നിയോഗമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശുദ്ധ തോമാശ്ലീഹ ഭാരതത്തിനു പകർന്നു നൽകിയത് നന്മയുടെ സന്ദേശമായിരുന്നുവെന്നു തുടർന്നു പ്രസംഗിച്ച സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ സണ്ണി ജോസഫ്, അനൂപ് ജേക്കബ്, റോജി എം. ജോൺ, കെ. മുര ളീധരൻ, ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാൻ, ജോൺ ബ്രിട്ടാസ് എംപി, ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ, കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൻ, മലങ്കര കത്തോലിക്കാസഭ കൂരിയ ബിഷപ്പ് ഡോ. ആൻ്റണി മാർ സിൽവാനോസ്, തിരുവനന്തപുരം മേജർ അതിഭദ്രാസന സഹായമെത്രാൻ ബിഷപ്പ് യൂഹാനോൻ മാർ അലക്‌സിയോസ്, മോൺ. ഡോ. വർക്കി ആറ്റുപുറത്ത് കോർഎപ്പിസ്കോപ്പ, മാർത്തോമാ സഭാ തിരുവനന്തപുരം-കൊല്ലം ഭദ്രാസന അധ്യക്ഷൻ ഡോ. ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്കോപ്പ, റവ. റോബിൻസൺ ഡേവിഡ്, റവ. മാത്യൂസ് മാർ സിൽവാനോസ്, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി തുടങ്ങിയവർ പങ്കെടുത്തു.

Tags

Share this story

From Around the Web