വിശുദ്ധ മറിയം ത്രേസ്യ ആധുനിക കാലഘട്ടത്തില്‍ കുടുംബ നവീകരണത്തിന്റെ പ്രവാചികയാണ്: കര്‍ദിനാള്‍ കൂവക്കാട്
വത്തിക്കാന്‍സിറ്റി: കുടുംബപ്രേക്ഷിതത്വത്തിന്റെ പ്രവാചകയും തിരുകുടുംബ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയുമായ വിശുദ്ധ മറിയം ത്രേസ്യായുടെ തിരുനാളും വിശുദ്ധയുടെ സ്വര്‍ഗ്ഗ പ്രവേശനത്തിന്റെ നൂറാം വാര്‍ഷികവും റോമില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു.
തദവസരത്തില്‍ വത്തിക്കാന്‍ മതാന്തര സംവാദങ്ങള്‍ക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട വിശുദ്ധ ബലിയര്‍പ്പിച്ചു വചന സന്ദേശം നല്‍കി. കാലില്‍ ചിറകും ഹൃദയത്തില്‍ അഗ്‌നിയുമായി കുടുംബപ്രേക്ഷിതത്വം തന്റെ ജീവിത വ്രതമായി തെരഞ്ഞെടുത്ത കാലഘട്ടത്തിന്റെ വിശുദ്ധയായിരുന്നു മറിയം ത്രേസ്യയെന്നു കര്‍ദിനാള്‍ എടുത്തു പറഞ്ഞു.
' ചെറുപ്പം മുതല്‍ ദൈവത്തെ സ്‌നേഹിക്കണം എന്നുള്ള തീവ്ര ദാഹത്താല്‍ എന്റെ ആത്മാവ് ക്ലേശിച്ചിരുന്നു' എന്നുള്ള വിശുദ്ധയുടെ വാക്കുകള്‍ ബാല്യം മുതല്‍ മറിയം ത്രേസ്യയുടെ അന്തരാത്മാവില്‍ ഉണ്ടായിരുന്ന അടങ്ങാത്ത ദൈവസ്‌നേഹദാഹത്തിന്റെ പ്രതിഫലനമായിരുന്നുവെന്നും ഇത് നമ്മുടെ ജീവിതത്തിലും നാം സ്വീകരിക്കേണ്ടുന്ന വലിയ ആത്മീയ സന്ദേശമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നത് പോലെ ദൈവത്തെ തിരികെ സ്‌നേഹിക്കാനുള്ള അടങ്ങാത്ത ആഗ്രഹം നമ്മുടെ ഉള്ളില്‍ പേറണമെന്നുള്ളതാണ ഈ തിരുനാളിന്റെ ക്ഷണമെന്നതും കര്‍ദിനാള്‍ എടുത്തുപറഞ്ഞു.
1914 ലാണ് മറിയം ത്രേസ്യ വ്രത വാഗ്ദാനം നടത്തുകയും തിരുകുടുംബ സന്യാസിനി സമൂഹം സ്ഥാപിക്കുകയും ചെയ്തത്.
പാവങ്ങള്‍ക്കായി സ്വജീവിതത്തെ പൂര്‍ണമായി സമര്‍പ്പിച്ച് അഗതികളെ പരിപാലിച്ചും രോഗികളെ സേവിച്ചും ദൈവത്തിന് ശുശ്രൂഷ ചെയ്ത വിശുദ്ധ ഏതൊരു ജോലി ചെയ്യുമ്പോഴും കൂടെക്കൂടെ ദൈവീക സ്മരണ പുതുക്കണം എന്നത ജീവിതചര്യയാക്കിയിരുന്നുവെന്നും അതിനാല്‍ ആ ശുശ്രൂഷകള്‍ കേവലം സാമൂഹിക ക്ഷേമ പ്രവര്‍ത്തികള്‍ ആയിരുന്നില്ല മറിച്ച സേവിക്കപ്പെടുന്നവരില്‍ ക്രിസ്തുവിനെ കണ്ടുകൊണ്ടുള്ള സ്‌നേഹശുശ്രൂഷയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ദൈവസ്‌നേഹവും പരസ്‌നേഹവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് എന്ന ക്രിസ്തീയ ആധ്യാത്മികതയുടെ അടിസ്ഥാന പാഠം പ്രായോഗിക ജീവിതത്തിലൂടെ നമുക്ക് കാട്ടിത്തന്ന വ്യക്തിത്വമായിരുന്നു മറിയം ത്രേസ്യായുടെതെന്നും കര്‍ദിനാള്‍ വിശദീകരിച്ചു.
മറിയം ത്രേസ്യയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന അവസരത്തില്‍ ഭാഗ്യ സ്മരണാര്‍ഹനായ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ പ്രാര്‍ത്ഥനയ്ക്കും പരിഹാരത്തിനുമുള്ള വിശുദ്ധയുടെ താല്‍പര്യവും കര്‍ത്താവിന്റെ കുരിശിനെ പുണരാനുള്ള മറിയം ത്രേസ്യയുടെ ആഗ്രഹവും നിരന്തരമായ ആത്മീയ പരീക്ഷണങ്ങളുടെയും സഹജരുടെ തെറ്റിദ്ധാരണകളുടെയും മധ്യേ സ്‌നേഹത്തില്‍ അടിയുറച്ചു നില്‍ക്കാന്‍ അവരെ ശക്തയാക്കിയതിനെക്കുറിച്ചും എടുത്തു പറഞ്ഞതും കര്‍ദിനാള്‍ അനുസ്മരിച്ചു.
ഗാര്‍ഹിക സഭയായ കുടുംബം നന്നായാല്‍ തിരുസഭ നന്നാകും എന്ന തിരിച്ചറിവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കേരള സമൂഹത്തിന് പകര്‍ന്നു നല്‍കിയ സാധാരണക്കാരിയായ ഒരു വ്യക്തിയായിരുന്നു മറിയം ത്രേസ്യയെന്നും ജാതിമത വ്യത്യാസങ്ങള്‍ക്കപ്പുറം കുടുംബങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ക്രിസ്തുവിന്റെ സ്‌നേഹത്താല്‍ അവരെ നവീകരിച്ച് കേരളക്കരയില്‍ കുടുംബപ്രേക്ഷിതത്വത്തിന്റെ കെടാവിളക്കിന് സ്‌നേഹത്തിന്റെ തിരി കൊളുത്തിയവളാണ് വിശുദ്ധയെന്നതും കര്‍ദിനാള്‍ എടുത്തുപറഞ്ഞു.
സമൂഹ ജീവിതത്തിന്റെ അടിത്തറ എന്ന നിലയില്‍ കുടുംബങ്ങള്‍ വിമലീകരിക്കപ്പെടേണ്ടത് ഇന്നിന്റെ ആവശ്യമാണെന്നും അതിനാല്‍ പരസ്പര സ്‌നേഹത്തിലും ബഹുമാനത്തിലും അടിയുറച്ചജീവിതം നയിച്ചുകൊണ്ട് നമ്മുടെ കുടുംബങ്ങളെ തിരു കുടുംബത്തിന്റെ മാതൃകയില്‍ വിശുദ്ധിയില്‍ വളര്‍ത്താന്‍ വിശുദ്ധയുടെ തിരുനാള്‍ ഏവര്‍ക്കും പ്രചോദനമാകട്ടെയെന്നും കര്‍ദിനാള്‍ ആശംസിച്ചു.
സ്വയം പരിത്യജിച്ച് കുരിശെടുത്ത് എന്നെ അനുഗമിക്കുക ഒന്നാമന്‍ ആകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ശുശ്രൂഷകരാകുക ക്രിസ്തുവിന്റെ സഹനത്തില്‍ തന്റെ കുരിശുകള്‍ ചേര്‍ത്തുവയ്ക്കുക എന്നീ സുവിശേഷ പാഠങ്ങള്‍ അക്ഷരം പ്രതി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ വ്യക്തിയായിരുന്നുവെന്നതും കര്‍ദിനാള്‍ അനുസ്മരിച്ചു.