വിശുദ്ധരായ ലൂയിസ് മാര്‍ട്ടിന്‍ സെലിഗ്വരിന്‍ ദമ്പതികള്‍ ആധുനിക കുടുംബങ്ങള്‍ക്കു മാതൃക: ലിയോ 14 ാമന്‍ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളായ ലൂയിസ് മാര്‍ട്ടിന്‍- സെലിഗ്വരിന്‍ ദമ്പതികള്‍ പ്രശ്നങ്ങളും ആശയക്കുഴപ്പങ്ങളും നിറഞ്ഞ ആധുനിക കാലഘട്ടത്തിലെ കുടുംബങ്ങള്‍ക്കു മാതൃകയാണെന്ന് ലിയോ 14 ാമന്‍ മാര്‍പാപ്പ.
ലൂയിസ് മാര്‍ട്ടിന്‍-സെലിഗ്വരിന്‍ ദമ്പതികളെ വിശുദ്ധരായി പ്രഖ്യാപിച്ചതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സീസിലെ ബിഷപ് ബ്രൂണോ ഫീലെറ്റിനെ അഭിസംബോധന ചെയ്ത കത്തിലാണ് കുടുംബങ്ങള്‍ക്ക് പ്രചോദനാത്മക മാതൃകയായി വിശുദ്ധ ദമ്പതികളെ പാപ്പ ഉയിര്‍ത്തിക്കാണിച്ചത്.
വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ദമ്പതികളാണ് ലൂയിസ് മാര്‍ട്ടിന്‍- സെലിഗ്വരിന്‍ ദമ്പതികളെന്ന് പാപ്പ ഓര്‍മിപ്പിച്ചു. വിവാഹം ശ്രേഷ്ഠവും ഉന്നതവുമായ വിളിയാണ്. ലോകത്തില്‍ നിന്ന് പിന്മാറിക്കൊണ്ടല്ല, മറിച്ച് സാധാരണ ദൈനംദിന ജീവിതത്തില്‍ അവരുടെ കടമ ഏറ്റെടുത്തതിലൂടെയാണ് ഈ ദമ്പതികള്‍ വിശുദ്ധിയിലേക്ക് നടന്നടുത്തത്.
നമ്മുടെ അയല്‍പക്ക വീടുകളില്‍ കണ്ടെത്താന്‍ സാധിക്കുന്ന വിശുദ്ധരുടെ വലിയ ഗണത്തിന്റെ ഭാഗമായി അവര്‍ മാറി. ഇടവക, പ്രൊഫഷണല്‍ പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക വൃത്തങ്ങള്‍, കുടുംബജീവിതം എന്നിവയിലൂടെ ഈ ദമ്പതികള്‍ അവരുടെ കാലത്തെ സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റി. ദൈവത്തെ ആദ്യം സേവിക്കുക എന്ന ആപ്തവാക്യം അടിസ്ഥാനമാക്കി ജീവിതം ക്രമീകരിച്ച ഈ ദമ്പതികളുടെ സാധാരണ ജീവിതം ദൈവത്തിന് കേന്ദ്ര സ്ഥാനം നല്‍കിയതിലൂടെ അസാധാരണമായി മാറിയെന്ന് പാപ്പ പറഞ്ഞു.
ക്ഷണികവും സ്വാര്‍ത്ഥവും കയ്പേറിയതും നിരാശാജനകവുമായ ഫലങ്ങള്‍ നല്‍കുന്ന മാനുഷിക കൂട്ടായ്മകളുടെ സമകാലിക പ്രതി-മാതൃകകളുടെ പശ്ചാത്തലത്തില്‍, വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്ന യുവാക്കള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു മാതൃകയാണ് ഈ ദമ്പതികളെന്ന് പാപ്പ വ്യക്തമാക്കി.
സഭയും ലോകവും കുടുംബങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും തിരഞ്ഞെടുപ്പുകളുടെയും കേന്ദ്രത്തില്‍ യേശുവിനെ പ്രതിഷ്ഠിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകത ഈ ദമ്പതികള്‍ നമ്മെ പഠിപ്പിക്കുന്നു. യേശുവിന്റെ അതിരറ്റ സ്നേഹവും ആര്‍ദ്രതയും കണ്ടെത്താന്‍ കുട്ടികളെ സഹായിക്കാനും, അവര്‍ അര്‍ഹിക്കുന്നതുപോലെ അവരെ സ്നേഹിക്കാനും പാപ്പാ മാതാപിതാക്കളോട് അഭ്യര്‍ത്ഥിച്ചു.