ജീവിതത്തിന്റെ ആരംഭത്തില്‍ തന്നെ ലൗകിക ജീവിതത്തിന്റെ അര്‍ത്ഥശൂന്യത മനസ്സിലാക്കിയ ബ്രോണിലെ വിശുദ്ധ ജെറാര്‍ഡിനെക്കുറിച്ചറിയാം

 
saint jerad



കുലീനമായ ജന്മം കൊണ്ടും, കാണുന്നവര്‍ക്കെല്ലാം ഇഷ്ടം തോന്നുന്ന പ്രസാദകരമായ മുഖഭാവം കൊണ്ടും അനുഗ്രഹീതനായിട്ടാണ് വിശുദ്ധ ജൊറാര്‍ഡ് ഈ ലോകത്തിലേക്ക് രംഗപ്രവേശം ചെയ്തത്.

ജീവിതത്തിന്റെ ആരംഭത്തില്‍ തന്നെ ലൗകിക ജീവിതത്തിന്റെ അര്‍ത്ഥശൂന്യത മനസ്സിലാക്കിയ ഒരാളായിരുന്നു അദ്ദേഹം. നായാട്ടു കഴിഞ്ഞ് തിരിച്ചുവന്ന അദ്ദേഹം ഒരു ദിവസം, ചാപ്പലില്‍ ധ്യാനത്തിന് കൂടി.

ധ്യാനത്തില്‍ അദ്ദേഹം ആത്മഗതം പോലെ ഒരുവിട്ടു, ''വേറെയാതൊരു ചുമതലകളുമില്ലാതെ, രാവും പകലും ദൈവത്തെ സ്തുതിച്ചുകൊണ്ട് അവന്റെ സന്നിധിയില്‍ സദാ വസിക്കുന്നവര്‍ എത്ര സന്തോഷവാന്മാര്‍''.

ജെറാര്‍ഡിന് വിശുദ്ധ പത്രോസിന്റെ ഒരു ദര്‍ശനം കിട്ടി. ദര്‍ശനത്തില്‍ വിശുദ്ധ യുജിയസിന്റെ തിരുശേഷിപ്പുകള്‍ ബല്‍ജിയത്തിലെ ബ്രോണിലേക്ക് കൊണ്ടുവരാനാണ് വി. പത്രോസ് അവശ്യപ്പെട്ടത്.

ആ കൃത്യം നിര്‍വഹിച്ചശേഷം ജെറാര്‍ഡ്, വിശുദ്ധ ഡെനീസിന്റെ ആശ്രമത്തില്‍ ആത്മീയ ജീവിതം ആരംഭിച്ചു. ഇവിടെ വച്ച്, അദ്ദേഹം വൈദിക വൃത്തിയിലേക്ക് ഉയര്‍ത്തപ്പെട്ടു.

ബ്രോണിലുള്ള സ്വന്തം എസ്റ്റേറ്റില്‍, ഒരു സന്യാസാശ്രമം സ്ഥാപിച്ച ശേഷം ഏകാന്തവാസത്തിനായി പള്ളിയോട് ചേര്‍ന്ന് അദ്ദേഹം സ്വന്തം ആവശ്യത്തിന് ഒരു നിലവറ പണികഴിപ്പിച്ചു.

എന്നാല്‍ അധികനാള്‍ ഈ ഏകാന്തവാസം തുടരാന്‍ ദൈവം അനുവദിച്ചില്ല. വി.ഗിസ്ലെയിന്‍ ആശ്രമത്തിലെ കാര്യങ്ങളെല്ലാം ക്രമപ്പെടുത്തുവാനുള്ള ദൈവവിളി ജെറാര്‍ഡിനുണ്ടായി.

കാരണം, അവിടുത്തെ സന്യാസിമാര്‍ പണം വാങ്ങിയതിനു ശേഷം വിശുദ്ധന്റെ കബറിടം തുറന്ന് ദര്‍ശനം അനുവദിക്കുമായിരുന്നു. ഈ തെറ്റായ പ്രവര്‍ത്തി വിജയകരമായി അവസാനിപ്പിച്ച ശേഷം, ഫ്‌ലാണ്ടേഴ്‌സിയിലുള്ള സകല ആശ്രമങ്ങളും നവീകരിക്കാനുള്ള ചുമതല അദ്ദേഹത്തിന് ലഭിച്ചു.

വിശുദ്ധ ബെനഡിക്ടിന്റെ നിയമപ്രകാരം, ഏകദേശം 20 വര്‍ഷം, അദ്ദേഹം നവീകരണ പരിഷ്‌ക്കാര ജോലികള്‍ക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്തു. അവസാനകാലഘട്ടങ്ങളില്‍ അദ്ദേഹത്തിന് കീഴിലുണ്ടായിരുന്ന മുഴുവന്‍ ആശ്രമങ്ങളിലും ഒരു അവസാന സന്ദര്‍ശനം കൂടി നടത്തിയ ശേഷം, അന്ത്യവിശ്രമം കൊള്ളുവാന്‍ ബ്രോണിലെ തന്റെ നിലവറയിലേക്ക് വിശുദ്ധ ജെറാര്‍ഡ് മടങ്ങി.

Tags

Share this story

From Around the Web