സങ്കടങ്ങളും സംഘര്‍ഷവും സ്വര്‍ഗത്തിലേക്ക് ഉയര്‍ത്താനുമുള്ള ഗോവണിയാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ: മാര്‍ റാഫേല്‍ തട്ടില്‍

 
sr


ഭരണങ്ങാനം: ദൈവത്തിന്റെ അനുഗ്രഹങ്ങളെ താഴേക്കിറക്കാനും നമ്മുടെ സങ്കടങ്ങളും സംഘര്‍ഷവും സ്വര്‍ഗത്തിലേക്ക് ഉയര്‍ത്താനുമുള്ള ഗോവണിയാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. 

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പ്രധാന തിരുനാള്‍ ദിനമായിരുന്ന ഇന്നലെ ഭരണങ്ങാനം ഫൊറോന പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍.

അല്‍ഫോന്‍സാമ്മ വലിയ ശക്തിയാണ്. സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ മധ്യസ്ഥയായ ലിസ്യൂവിലെ കൊച്ചുത്രേസ്യായുടെ പതിപ്പാണ് അല്‍ഫോന്‍സാമ്മ. കേരള കത്തോലിക്ക സഭയുടെ ലിസ്യൂവാണ് ഭരണങ്ങാനം. 

സങ്കടങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാകുന്നത് കര്‍ത്താവി ന്റെ അനുഗ്രഹത്താല്‍ നിറയാനുള്ള വലിയ അവസരമാണ്. സഹോദരങ്ങളുടെ വേദനകളിലും ബുദ്ധിമുട്ടുകളിലും നമുക്ക് കൂട്ടുപങ്കാളിത്തമുണ്ട്. 

എവിടെയാണ് സഹനമുള്ളത് അവിടെയാണ് നന്മ വിരിയുന്നത്. സഹനങ്ങളെ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തുന്നത് രക്ഷയ്ക്കുള്ള വലിയ അവസരമാണ്. കത്തോലിക്കാ വിശ്വാസം തകരാതെയും തളരാതെയും സൂക്ഷിക്കാന്‍ അല്‍ഫോന്‍സാമ്മ സഹായിക്കുന്നതായും മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

ഫാ. ജോസഫ് തോലാനിക്കല്‍, ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. ജോസ് കിഴക്കേതില്‍, ഫാ. പ്രിന്‍സ് വള്ളോംപുരയിടം, ഫാ. ഡോണി കുറുവന്താനം എന്നിവര്‍ സഹകാര്‍മികരായിരുന്നു.

 തീര്‍ത്ഥാടനകേന്ദ്രത്തിലെത്തിയ മാര്‍ റാഫേല്‍ തട്ടില്‍ അല്‍ഫോന്‍സാമ്മയുടെ കബറിങ്കല്‍ പ്രാര്‍ത്ഥിച്ചശേഷമാണ് ഫൊറോന പള്ളിയിലെത്തി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്.

വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് തിരുനാള്‍പ്രദക്ഷിണവും ഉണ്ടായിരുന്നു. പ്രധാന തിരുനാള്‍ ദിനമായിരുന്ന ഇന്നലെ പുലര്‍ച്ചെ മുതല്‍ പാതിരാ വരെ പതിനായിരങ്ങളാണ് എത്തിയത്. 

പുലര്‍ച്ചെ മുതല്‍ രാത്രി ഒന്‍പതു വരെ തുടര്‍ച്ചയായി വിശുദ്ധകുര്‍ബാനയും ഉണ്ടായിരുന്നു. രാവിലെ ഏഴിന് ബിഷപ്പ് മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍ നേര്‍ച്ചയപ്പം വെഞ്ചരിച്ചു. 

8.30ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി.

Tags

Share this story

From Around the Web