'കാവി കളര്‍ ഓവര്‍ കോട്ട്, ഹെല്‍മറ്റും ഷൂവും'; ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പുതിയ യൂണിഫോം നല്‍കി തിരുവനന്തപുരം കോര്‍പ്പറേഷന്‍

 
new uniform

തിരുവനന്തപുരം: ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പുതിയ യൂണിഫോം നല്‍കി തിരുവനന്തപുരം കോര്‍പ്പറേഷന്‍. കാവി കളര്‍ ഓവര്‍ കോട്ട് അടക്കമാണ് പുതിയ യൂണിഫോം. 

ഹെല്‍മറ്റും ഷൂവും യൂണിഫോമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ നമസ്‌തേ പദ്ധതിയുടെ ഭാഗമാണ് പുതിയ യൂണിഫോമെന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കി.


ഇതോടെ പരമ്പരാഗത പച്ച കോട്ട് മാറ്റി കാവിക്ക് സമാനമായ കോട്ട് കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ക്ക് നല്‍കി.

2017-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം മിഷന്റെ കീഴില്‍ ഹരിതകര്‍മസേന രൂപീകൃതമായതുമുതല്‍ പച്ച നിറത്തിലുള്ള പ്രത്യേക കോട്ടുകളായിരുന്നു ഇവരുടെ ഔദ്യോഗിക വേഷം. 

രാത്രികാലങ്ങളിലടക്കം കാഴ്ച കൂടുതല്‍ വ്യക്തമാക്കുന്നതിനും പ്രതിഫലനം കൂട്ടുന്നതിനാലാണ് ഈ നിറം തെരഞ്ഞെടുത്തതെന്നാണ് മേയര്‍ വി.വി. രാജേഷിന്റെ വിശദീകരണം.

ബിജെപി ഭരണസമിതിയുടെ ഈ അപ്രതീക്ഷിത തീരുമാനത്തോട് ചില ഹരിതകര്‍മസേനാംഗങ്ങള്‍ പ്രതിഷേധം അറിയിച്ചു.

 പുത്തന്‍ യൂണിഫോണിന്റെ നിറത്തില്‍ അതൃപ്തിയുള്ള ചില ജീവനക്കാര്‍ കോട്ട് വാങ്ങാന്‍ വിസമ്മതിച്ചെങ്കിലും കോര്‍പ്പറേഷന്‍ അധികൃതരുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് സ്വീകരിക്കുകയായിരുന്നു.
 

Tags

Share this story

From Around the Web