സ്പാനിഷ് ആശ്രമത്തില്‍ സക്രാരി കുത്തി തുറന്ന് തിരുവോസ്തി മോഷ്ടിച്ചു
മാഡ്രിഡ്: സ്‌പെയിനിലെ വല്ലാഡോളിഡിലെ ഹോളി തോണ്‍ ആശ്രമത്തില്‍ സക്രാരി കുത്തി തുറന്ന് തിരുവോസ്തി മോഷ്ടിച്ചു. ഡിസംബര്‍ 28നാണ് ദൈവനിന്ദകരമായ ആക്രമണത്തിന് ആശ്രമ ദേവാലയം വേദിയായത്.
സംഭവത്തിന് പിന്നാലേ ലാ സാന്താ എസ്പിനയിലെ ഇടവക വികാരിയായ ഫാ. ഫ്രാന്‍സിസ്‌കോ കാസസ് വല്ലാഡോളിഡ് ആര്‍ച്ച് ബിഷപ്പും സ്പാനിഷ് എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റുമായ മോണ്‍സിഞ്ഞോര്‍ ലൂയിസ് അര്‍ഗുവെല്ലോയെ അറിയിച്ചതിന് ശേഷം, രാത്രി തന്നെ പരാതി നല്‍കിയിരിന്നു.
1147-ല്‍ സ്ഥാപിതമായ ക്രിസ്തുവിന്റെ മുള്‍കിരീടത്തിന്റെ ഭാഗം സൂക്ഷിച്ചിരിക്കുന്നതുമായ സന്യാസ ആശ്രമം ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ആക്രമണത്തിന് വിധേയമാകുന്നത്.
കുറ്റവാളികള്‍ മറ്റൊന്നും തൊട്ടില്ലായെന്നും അതിനാല്‍ അവരുടെ ലക്ഷ്യം കര്‍ത്താവായിരുന്നുവെന്നും പ്രത്യേക ഗൗരവമുള്ള കുറ്റകൃത്യമാണെന്നും സഭാനേതൃത്വം വ്യക്തമാക്കി.
തിരുവോസ്തിയോട് കാണിച്ച അനാദരവിന് പരിഹാരമായി ഇന്നു ജനുവരി 3 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ലാ സാന്താ എസ്പിനയില്‍ പ്രായശ്ചിത്ത പരിഹാര പ്രാര്‍ത്ഥന നടത്തും. മോണ്‍. അര്‍ഗുവെല്ലോ മുഖ്യകാര്‍മ്മികത്വം വഹിക്കും.
പരിഹാര പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്ന് സഭാനേതൃത്വം വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
തിരുവോസ്തി മോഷണം പോകുന്നതിന് പിന്നിലുള്ളത് വെറും കളവോ മതവിദ്വേഷമോ മാത്രമാണെന്ന് കരുതാന്‍ കഴിയില്ലെന്നും മറിച്ച് സാത്താന്‍ ആരാധനയുമായി ഇവയ്ക്ക് ബന്ധമുണ്ടാകാമെന്ന ആശങ്കയാണ് സഭ പങ്കുവെയ്ക്കുന്നത്.