നാളെ സ്‌കൂളുകള്‍ക്ക് അവധി, ശബരിമല മകരവിളക്ക്: 5 പഞ്ചായത്തുകളില്‍ അവധി പ്രഖ്യാപിച്ച് ഇടുക്കി ജില്ലാ കളക്ടര്‍
പത്തനംതിട്ട:ശബരിമല മകരവിളക്ക് മഹോത്സവം നടക്കുന്ന നാളെ ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളില്‍ സ്‌ക്കൂളുകള്‍ക്ക് അവധി. കുമളി, വണ്ടിപ്പെരിയാര്‍, പീരുമേട് പെരുവന്താനം, കൊക്കയാര്‍ എന്നീ പഞ്ചായത്തുകളിലാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. മുഴുവന്‍ വിദ്യാര്‍ത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു.
പത്തനംതിട്ട ജില്ലയില്‍ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യപിച്ച് ഉത്തരവിട്ടത്. പത്തനംതിട്ട ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍, സര്‍വകലാശാലാ പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കില്ല. അവശ്യ സര്‍വീസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ഈ അവധി ബാധകമല്ല എന്ന് കളക്ടറുടെ ഉത്തരവിലുണ്ട്. വ്യാഴാഴ്ചയും ജില്ലയില്‍ തൈപ്പൊങ്കല്‍ പ്രമാണിച്ച് അവധിയാണ്.
അതേസമയം മകരവിളക്ക് ഉത്സവകാലത്ത് ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിന് വിപുലമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കി ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാന്‍ കൊല്ലം കാക്കിനട ടൗണ്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍ ചരളാപ്പള്ളി എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ എന്നീ അധിക ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ പ്രഖ്യാപിച്ചു.