ശബരിമല സ്വര്‍ണ്ണക്കൊള്ള; തന്ത്രിക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം: ഉടന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും

 
KANDARAR


ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം. തന്ത്രിക്ക് ജയിലില്‍ വച്ച് ആരോഗ്യ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തന്ത്രിയെ ഉടന്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും. ഇന്നലെയാണ് തന്ത്രിയെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.

കേസില്‍ തന്നെ കുടുക്കിയതാണെന്നും ഒരുകുറ്റവും ചെയ്തിട്ടില്ലെന്നുമാണ് തന്ത്രി കണ്ഠര് രാജീവരുടെ വാദം. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് തന്ത്രി പ്രതികരിച്ചു. 


കേസില്‍ കുടുക്കിയതാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'അതെ' എന്നായിരുന്നു തന്ത്രിയുടെ മറുപടി. തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു തന്ത്രിയുടെ പ്രതികരണം.

ആറ്റിങ്ങലിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് തന്ത്രിയെ പ്രത്യേക അന്വേഷണ സംഘം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. 


സ്വര്‍ണക്കൊള്ള കേസിലുണ്ടായിരിക്കുന്ന ഏറ്റവും സുപ്രധാന അറസ്റ്റാണ് ഇത്. പോറ്റിയെ ശബരിമലയിലെത്തിച്ചത് തന്ത്രിയാണെന്ന ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ ഇന്ന് എസ്‌ഐടി പരിശോധന നടത്തും. വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്‌ഐടി എത്തിയത്. ദേവസ്വം മാനുവലില്‍ തന്ത്രിയുടെ ഭാഗം എടുത്തുപറഞ്ഞുകൊണ്ടാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

അസിസ്റ്റന്റ് കമ്മീഷണര്‍ റാങ്കില്‍ വരുന്ന ഒരാളാണ് തന്ത്രി എന്നാണ് മാനുവലില പറയുന്നത്. മാത്രമല്ല, ദേവസ്വത്തിന്റെ സ്വത്തുക്കള്‍ സംരക്ഷിക്കാനുള്ള, താന്ത്രികവുമായി ബന്ധപ്പെട്ട ഏറ്റവും ഉയര്‍ന്ന തസ്തികയിലുള്ള ഒരാളാണ് തന്ത്രി കണ്ഠര് രാജീവര്.

ദക്ഷിണ വേറെ പടിത്തരം വേറെയെന്ന് എസ്‌ഐടി ചൂണ്ടിക്കാട്ടി. പടിത്തരം പ്രതിഫലം തന്നെയാണെന്നും തന്ത്രി ബോര്‍ഡില്‍ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നുമാണ് കണ്ടെത്തല്‍.

 ശമ്പളം കൈപ്പറ്റുന്നതുകൊണ്ടുതന്നെ ദേവസ്വം ബോര്‍ഡിന്റെ സ്വത്ത് സംരക്ഷിക്കാന്‍ തന്ത്രി ബാധ്യസ്ഥനാണെന്നുമാണ് എസ്‌ഐടി കണ്ടെത്തല്‍.

Tags

Share this story

From Around the Web