ശബരിമല സ്വര്‍ണ്ണക്കൊള്ള; ജയിലില്‍ കഴിയുന്ന തന്ത്രിക്ക് വീണ്ടും തിരിച്ചടി; രണ്ടാം കേസിലും അറസ്റ്റ് രേഖപ്പെടുത്തി

 
thantri kandaru



പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണ്ണപാളികള്‍ കടത്തിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലില്‍ എത്തി എസ് ഐ ടി അറസ്റ്റ് രേഖപ്പെടുത്തി. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്നതിനിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കട്ടിളപ്പാള്ളി കേസിലെ അറസ്റ്റ് രേഖപ്പെടുത്തിയ അതേ കുറ്റങ്ങള്‍ ചേര്‍ത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 


നിലവില്‍ കട്ടിളപ്പാളി കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രിയെ ഈ കേസിലും പ്രതി ചേര്‍ക്കാന്‍ കോടതി അനുമതി നല്‍കി. നിലവില്‍ കട്ടിളപ്പാളി കടത്തിയ കേസില്‍ തന്ത്രി ജയിലിലാണ്.

ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വര്‍ണപ്പാളികള്‍ മാറ്റുന്നതിനായി 'അനുജ്ഞാ കലശം' നടത്തിയത് തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. വിഗ്രഹങ്ങളിലെ സ്വര്‍ണത്തിന്റെ തിളക്കം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി അവ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചത് തന്ത്രിയായിരുന്നു. 


ഇതിന് പിന്നാലെയാണ് ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഈ സ്വര്‍ണം കൈമാറാന്‍ തന്ത്രി അനുവാദം നല്‍കിയത്. 

സ്വര്‍ണം മിനുക്കാനെന്ന വ്യാജേന ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ തന്ത്രി മൗനാനുവാദം നല്‍കിയെന്നും ഇത് ഗുരുതരമായ ആചാര ലംഘനമാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ശബരിമലയില്‍ പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചതിലും അഴിമതി നടന്നതായി എസ്‌ഐടി സംശയിക്കുന്നു. തന്ത്രിയുടെ വീട്ടില്‍ നിന്ന് പഴയ കൊടിമരത്തിന്റെ ഭാഗമായ സ്വര്‍ണം പൊതിഞ്ഞ വാജി വാഹനം കണ്ടെടുത്തതോടെയാണ് അന്വേഷണം ഈ വഴിക്ക് നീങ്ങിയത്. 

ഇത് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. കൊടിമരം മാറ്റുന്ന സമയത്ത് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.

Tags

Share this story

From Around the Web