ശബരിമല സ്വര്‍ണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടില്‍ എസ്ഐടി സംഘത്തിന്റെ പരിശോധന
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടില്‍ എസ്ഐടി സംഘം.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം. ജയിലില്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് കണ്ഠരര് രാജീവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് എസ്ഐടി.
കോടതിയില്‍ തിങ്കളാഴ്ച അന്വേഷണസംഘം അപേക്ഷ നല്‍കിയേക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് എസ്ഐടി നീക്കം.
കേസില്‍ തന്നെ കുടുക്കിയതാണെന്നും ഒരുകുറ്റവും ചെയ്തിട്ടില്ലെന്നുമാണ് തന്ത്രി കണ്ഠര് രാജീവരുടെ വാദം. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് തന്ത്രി പ്രതികരിച്ചു.
കേസില്‍ കുടുക്കിയതാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'അതെ' എന്നായിരുന്നു തന്ത്രിയുടെ മറുപടി.
തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു തന്ത്രിയുടെ പ്രതികരണം.
ആറ്റിങ്ങലിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് തന്ത്രിയെ പ്രത്യേക അന്വേഷണ സംഘം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു.
സ്വര്‍ണക്കൊള്ള കേസിലുണ്ടായിരിക്കുന്ന ഏറ്റവും സുപ്രധാന അറസ്റ്റാണ് ഇത്. പോറ്റിയെ ശബരിമലയിലെത്തിച്ചത് തന്ത്രിയാണെന്ന ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
തന്ത്രിയുടെ അറസ്റ്റിന് പിന്നാലെ, സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. തന്ത്രിയെ മറയാക്കി മന്ത്രിയെ രക്ഷിക്കാനാണ് നീക്കമെന്നും എസ്ഐടിക്ക് കൂച്ചുവിലങ്ങിടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
തന്ത്രിയുടെ അറസ്റ്റില്‍ സംശയമുണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുടെ പ്രതികരണം. അതേസമയം, അന്വേഷണം ശരിയായ നിലയിലാണെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു.