തുരുമ്പ് പിടിച്ച കത്തികളും കേടായ പാത്രങ്ങളും ഇനി പാടില്ല; ഹോട്ടലുകൾക്കും തട്ടുകടകൾക്കും കർശന നിർദേശവുമായി എഫ്എസ്എസ്എഐ
Jun 18, 2026, 20:15 IST
ന്യൂഡൽഹി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ രാജ്യത്തെ ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾക്ക് കർശന മാർഗനിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) രംഗത്ത്.
ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്ന കത്തികൾ, ബ്ലേഡുകൾ, കട്ടിങ് ഉപകരണങ്ങൾ, പാത്രങ്ങൾ എന്നിവ ഫുഡ് ഗ്രേഡ് നിലവാരമുള്ളതും വിഷാംശമില്ലാത്തതും തുരുമ്പ് രഹിതവുമായിരിക്കണമെന്ന് അതോറിറ്റി നിർദേശിച്ചു.
തുരുമ്പ് പിടിച്ചതും കേടുപാടുകൾ സംഭവിച്ചതും പെയിന്റ് ചെയ്തതുമായ ഉപകരണങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഹോട്ടലുകൾ, തട്ടുകടകൾ, കാറ്ററിങ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ഫുഡ് ബിസിനസ് ഓപ്പറേറ്റർമാരും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി.