യുക്രൈനിലെ സപ്പോരിഷ്യയിൽ ‘സഫാരി’ ശൈലിയിലുള്ള റഷ്യൻ ഡ്രോൺ ആക്രമണം; ഭീതിയിൽ ജനങ്ങൾ
യുക്രൈനിലെ പ്രധാന വ്യാവസായിക നഗരമായ സപ്പോരിഷ്യയിൽ ജനവാസ മേഖലകൾ ലക്ഷ്യമിട്ട് റഷ്യ നടത്തുന്ന ആക്രമണങ്ങൾ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. നഗരത്തിൽ തുടർച്ചയായി നടക്കുന്ന വ്യോമാക്രമണങ്ങളും എഫ്.പി.വി (FPV) ഡ്രോണുകൾ ഉപയോഗിച്ചുള്ള വേട്ടയാടലുകളും നഗരവാസികളിൽ കടുത്ത ഭീതി പരത്തിയിരിക്കുകയാണ്.
നഗരത്തിലെ റോഡുകളിലൂടെയും മറ്റും സഞ്ചരിക്കുന്ന സാധാരണക്കാരെയും വാഹനങ്ങളെയും ലക്ഷ്യമിട്ട് ഡ്രോണുകൾ വളഞ്ഞിട്ട് ആക്രമിക്കുന്ന ഈ രീതിയെ യുക്രൈൻ ജനത ‘സഫാരി’ എന്നാണ് വിശേഷിപ്പിക്കുന്നത്. സ്ഫോടക വസ്തുക്കൾ നിറച്ച ചെറു ഡ്രോണുകൾ ഉപയോഗിച്ച് തെരുവുകളിലൂടെ സഞ്ചരിക്കുന്നവരെയും വാഹനങ്ങളെയും റഷ്യൻ സൈന്യം ലക്ഷ്യമിടുന്നു. മുൻപ് മുന്നണി മേഖലകളിൽ മാത്രം കണ്ടിരുന്ന ഇത്തരം ആക്രമണങ്ങൾ ഇപ്പോൾ സപ്പോരിഷ്യ പോലുള്ള നഗരങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
ഡ്രോണുകൾക്ക് പുറമെ കൂടുതൽ വിനാശകരമായ വലിയ ഗ്ലൈഡ് ബോംബുകളും റഷ്യ ഉപയോഗിക്കുന്നുണ്ട്. ഇത് നഗരത്തിലെ കെട്ടിടങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും പൂർണ്ണമായി തകർക്കുന്നു. ദിവസേന നിരവധി തവണ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നതായി പ്രാദേശിക ഭരണകൂടം വ്യക്തമാക്കുന്നു. നഗരത്തിലെ ബസുകൾക്കും മറ്റ് പൊതുഗതാഗത വാഹനങ്ങൾക്കും നേരെ ഡ്രോൺ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത് തടയാൻ ബസുകൾക്ക് മുകളിൽ സംരക്ഷണ വലകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും ഒരുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. കുട്ടികളെ ഭൂഗർഭ കിന്റർഗാർഡനുകളിലേക്ക് അയച്ചും ബങ്കറുകളിൽ കഴിഞ്ഞുമാണ് നഗരവാസികൾ ഈ സാഹചര്യവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്നത്. എങ്കിലും ദിവസേനയുള്ള ഈ ഭീകരാന്തരീക്ഷം തങ്ങളുടെ മാനസിക നിലയെ തകർക്കുന്നതായി പ്രദേശവാസികൾ പറയുന്നു.