റഷ്യൻ വ്യോമാക്രമണം: കീവിൽ 13 പേർക്ക് പരിക്ക്; പ്രശസ്തമായ പെചെർസ്ക് ലാവ്‌റ ആശ്രമത്തിന് തീപിടിച്ചു

 
2333

യുക്രൈൻ തലസ്ഥാനമായ കീവിന് നേരെ റഷ്യ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ 13 പേർക്ക് പരിക്കേറ്റു. യുക്രൈന്റെ ആത്മീയ-സാംസ്കാരിക ചരിത്രത്തിന്റെ പ്രതീകവും യുനെസ്കോയുടെ (UNESCO) ലോക പൈതൃക കേന്ദ്രവുമായ കീവ് പെചെർസ്ക് ലാവ്‌റ ആശ്രമത്തിന് ആക്രമണത്തിൽ ഗുരുതരമായി തീപിടിച്ചു. തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തെത്തുടർന്ന് ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

ആശ്രമം കത്തിയമരുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് യുക്രൈൻ പ്രധാനമന്ത്രി യൂലിയ സ്വിരിഡെങ്കോ റഷ്യക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. “നമ്മുടെ ജനങ്ങൾക്കും പൈതൃകത്തിനും നേരെയുള്ള ക്രൂരമായ ആക്രമണമാണിത്. റഷ്യയുടെ ഓർത്തഡോക്സ് മൂല്യങ്ങളുടെ യഥാർത്ഥ മുഖമാണ് ഇതിലൂടെ പുറത്തുവരുന്നത്,” – യൂലിയ സ്വിരിഡെങ്കോ സോഷ്യൽ മീഡിയയിൽ കുറിച്ചു. വിവിധ ദിശകളിൽ നിന്ന് കീവിലേക്ക് ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുകയാണെന്ന് യുക്രൈൻ വ്യോമസേന അറിയിച്ചു. നഗരത്തിൽ ഉടനീളം വൻ സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റഷ്യൻ ആക്രമണത്തിൽ കീവിലെ പ്രധാന വൈദ്യുതി ലൈനുകൾ തകർന്നതോടെ ഏകദേശം 1,40,000 താമസക്കാർ ഇരുട്ടിലായതായി കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു. റഷ്യൻ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ വീണ് നിരവധി വീടുകൾക്കും വാഹനങ്ങൾക്കും തീപിടിച്ചു. കൂടാതെ ഒരു ബഹുനില അപ്പാർട്ട്മെന്റിനും തീപിടിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.

Tags

Share this story

From Around the Web