റഷ്യ-യുക്രെയ്ന്‍ സമാധാനചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാർ; സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയില്‍ മാര്‍പാപ്പ

വത്തിക്കാന്‍: റഷ്യ-യുക്രെയ്ന്‍ സമാധാനചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ വത്തിക്കാന്‍ തയാറാണെന്ന് ലിയോ മാര്‍പാപ്പ. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയില്‍ സ്ഥിരസമാധാനമാണ് ഉടന്‍ വേണ്ടതെന്നു മാര്‍പാപ്പ പറഞ്ഞു. ഇറ്റലിയിലെ മലയോരപട്ടണമായ കസ്റ്റല്‍ ഗണ്‍ദോല്‍ഫോയിലാണു മാര്‍പാപ്പയെ സെലെന്‍സ്‌കി സന്ദര്‍ശിച്ചത്.
രണ്ടാഴ്ച അവധി ചെലവഴിക്കാനാണു മാര്‍പാപ്പ ഇവിടെയെത്തിയത്. സംഘര്‍ഷം അവസാനിപ്പിച്ച് ദീര്‍ഘകാല സമാധാനം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയുമായി വത്തിക്കാനില്‍ ചര്‍ച്ച നടത്തുന്നത് സാധ്യമാണെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം സെലെന്‍സ്‌കി സമൂഹമാധ്യമത്തില്‍ കുറിച്ചു.
രണ്ടു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് ലിയോ മാര്‍പാപ്പ വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തുന്നത്. മാര്‍പാപ്പയായതിനു പിന്നാലെ വത്തിക്കാനില്‍ മേയ് 18 നായിരുന്നു ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച. തുടര്‍ന്ന് ജൂണ്‍ നാലിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി മാര്‍പാപ്പ ഫോണില്‍ സംസാരിച്ചിരുന്നു.