'മയക്കുമരുന്ന് കഴിച്ചതുപോലെ താണ്ഡവമാടുന്നു''; രാഹുല് ഗാന്ധിക്കെതിരായ പരാമര്ശത്തില് ആര്. ശ്രീലേഖയ്ക്കെതിരെ ഡിജിപിക്ക് പരാതി
കൊല്ലം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്ശത്തില് ബിജെപി കൗണ്സിലര് ആര്. ശ്രീലേഖയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി.
യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില് ആണ് ഡിജിപിക്ക് പരാതി നല്കിയത്.
രാഹുലിനെതിരായ പരാമര്ശം കേവലം രാഷ്ട്രീയ വിമര്ശനത്തിനപ്പുറം ഗൗരവത്തോടെ കാണേണ്ടതാണെന്ന് പരാതിയില് ചൂണ്ടിക്കാണിക്കുന്നു.
രാഹുല് ഗാന്ധിയുടെ സല്പ്പേരിനെയും വിശ്വാസ്യതയെയും മനഃപൂര്വം അപകീര്ത്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം പ്രസ്താവനകളെന്ന് വിഷ്ണു സുനില് ആരോപിച്ചു.
ബുധനാഴ്ച (ഒക്ടോബര് 14) പുനലൂരില് നടന്ന ബിജെപിയുടെ പ്രതിഷേധ ജനസഭയിലായിരുന്നു ആര്. ശ്രീലേഖയുടെ വിവാദ പരാമര്ശം.
ഡല്ഹിയില് നടക്കുന്നത് രാഹുലിന്റെ 'താണ്ഡവമാണെന്നും', അമിതമായി മയക്കുമരുന്ന് കഴിച്ച വ്യക്തിയെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നുമായിരുന്നു ശ്രീലേഖയുടെ പ്രസ്താവന.
ഹിന്ദു പുരാണപ്രകാരമുള്ള ദിവ്യനൃത്തമായ 'താണ്ഡവം' എന്ന പദം മയക്കുമരുന്നുമായി ബന്ധപ്പെടുത്തി ഉപയോഗിച്ചത് ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും പരാതിയില് വ്യക്തമാക്കുന്നു.