ചരിത്രം കുറിച്ച് റബര്‍ വില; കിലോയ്ക്ക് 300 തൊട്ട് സര്‍വകാല റെക്കോര്‍ഡ്, ഒമ്പത് മാസത്തിനിടെയാണ് 108 രൂപ കൂടി
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി റബ്ബര്‍ വില 300 കടന്നു. ആര്‍എസ്എസ്- 4 ഗ്രേഡ് റബ്ബര്‍ കിലോയ്ക്ക് 300 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്. ഈ വര്‍ഷം ജനുവരിയില്‍ 192 രൂപ ആയിരുന്നു. ഒമ്പത് മാസത്തിനിടെയാണ് 108 രൂപയോളം കൂടിയത്.
ഉത്പാദനക്കുറവും വര്‍ധിച്ചുവരുന്ന ആവശ്യകതയുമാണ് ആഭ്യന്തര മാര്‍ക്കറ്റില്‍ റബ്ബര്‍വില വര്‍ധനയ്ക്കുള്ള കാരണമായി വിലയിരുത്തുന്നത്. റബ്ബര്‍ വിപണിയിലെ ഉണര്‍വില്‍ ഏറെ പ്രതീക്ഷയിലാണ് കര്‍ഷകരും വ്യാപാരികളും.
നിലവില്‍ ആര്‍എസ്എസ് (ഞടട4) ഗ്രേഡ് റബ്ബറിനാണ് 300 രൂപയിലെത്തിയിരിക്കുന്നത്. ആര്‍എസ്എസ്-5 ഗ്രേഡിന് 298 രൂപയും, ലാറ്റക്‌സിന് 197 രൂപയുമാണ് നിലവിലെ വിപണി വില.
പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം കപ്പല്‍ മാര്‍ഗമുള്ള ചരക്കുനീക്കം തടസ്സപ്പെതും ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ പ്രധാന റബ്ബര്‍ ഉല്‍പാദക രാജ്യങ്ങളിലെ മോശം കാലാവസ്ഥയും വിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
റബ്ബര്‍ കര്‍ഷകരുടെ പ്രധാന കേന്ദ്രമായ കോട്ടയം ജില്ല ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കര്‍ഷകര്‍ വലിയ ആശ്വാസത്തിലാണ്. വര്‍ഷങ്ങളായി നേരിട്ടിരുന്ന വിലത്തകര്‍ച്ചയ്ക്ക് വിട നല്‍കി, വില 300 രൂപയിലെത്തിയത് കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.