സുഡാനിൽ ആർഎസ്എഫിന്റെ ക്രൂരത തുടരുന്നു ; അൽ-ഫാഷറിൽ ആയിരങ്ങളെ തടങ്കലിലാക്കി
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ വടക്കൻ ഡാർഫാർ മേഖലയിൽ അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (RSF) കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ തുടരുന്നതായി റിപ്പോർട്ട്. തന്ത്രപ്രധാന നഗരമായ അൽ-ഫാഷർ പിടിച്ചെടുത്തതിന് പിന്നാലെ ആയിരക്കണക്കിന് സാധാരണക്കാരെ ആർഎസ്എഫ് തടങ്കലിലാക്കിയിരിക്കുകയാണെന്ന് ‘സുഡാൻ ഡോക്ടേഴ്‌സ് നെറ്റ്‌വർക്ക്’ അറിയിച്ചു.
നഗരത്തിലെ സ്കൂളുകൾ, കുട്ടികളുടെ ആശുപത്രികൾ, മറ്റ് പൊതുസ്ഥാപനങ്ങൾ എന്നിവ ആർഎസ്എഫ് തടങ്കൽ കേന്ദ്രങ്ങളാക്കി മാറ്റിയതായി സുഡാൻ ഡോക്ടേഴ്‌സ് നെറ്റ്‌വർക്ക് അറിയിച്ചു. തടവിലാക്കപ്പെട്ടവർക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും നിഷേധിക്കപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്. പലയിടങ്ങളിലും ആർഎസ്എഫ് അംഗങ്ങൾ സാധാരണക്കാരെ മർദ്ദിക്കുന്നതായും വധിക്കുന്നതായും ആരോപണമുയരുന്നുണ്ട് .
നഗരത്തിൽ മാസങ്ങളോളം ഉപരോധം നില നിന്നിരുന്നതിനാൽ അവിടെ പട്ടിണി മരണം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടയിലാണ് ആർഎസ്എഫ് നേരിട്ടുള്ള അക്രമങ്ങളിലേക്ക് കടന്നത്.
അതേസമയം, സുഡാൻ സൈന്യത്തെ പിന്തുണയ്ക്കുന്നു എന്നാരോപിച്ചാണ് ആർ എസ് എഫ് സാധാരണക്കാരെ ലക്ഷ്യം വെക്കുന്നത്.
പ്രത്യേക ഗോത്ര വിഭാഗങ്ങളെ കേന്ദ്രീകരിച്ചാണ് പലപ്പോഴും ഈ ആക്രമണങ്ങൾ നടക്കുന്നത്.