സുഡാനില്‍ ആര്‍.എസ്.എഫ് ആക്രമണം: ഗ്രാമങ്ങള്‍ കത്തിച്ചു

 
sudan rsf

സുഡാനിലെ വടക്കന്‍ ഡാര്‍ഫര്‍ പ്രവിശ്യയിലുള്ള ഉം ബാരു മേഖലയില്‍ പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ഞടഎ) വ്യാപക അക്രമം അഴിച്ചുവിട്ടതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ ആരോപിച്ചു. 

ആക്രമണത്തില്‍ നിരവധി ഗ്രാമങ്ങള്‍ കത്തിനശിച്ചു. മേഖലയില്‍ തുടരുന്ന ക്രൂരമായ അക്രമങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം പുലര്‍ത്തുന്ന മൗനത്തെ ഡാര്‍ഫര്‍ റീജിയണല്‍ ഗവര്‍ണര്‍ മിന്നി അര്‍കോ മിനാവിശക്തമായി അപലപിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ ഒര്‍ഷി (ഛൃവെശ) പ്രദേശത്തും ഒര്‍ഷി ജലാശയത്തിന് സമീപമുള്ള ഗ്രാമങ്ങളിലുമായിരുന്നു ആര്‍.എസ്.എഫ് കമാന്‍ഡോകള്‍ അപ്രതീക്ഷിത ആക്രമണം നടത്തിയത്. 

സൈനിക വാഹനങ്ങളിലും, വന്‍തോതില്‍ കുതിരകളുടെയും ഒട്ടകങ്ങളുടെയും പുറത്തുമാണ് അക്രമികള്‍ എത്തിയത്. ഇവര്‍ സാധാരണക്കാരായ ജനങ്ങള്‍ക്കും അവരുടെ സ്വത്തുക്കള്‍ക്കും നേരെ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടു.


ഒര്‍ഷി, എനി, അല്‍-സലാം, ഖിത്അ, സിംഗോരി, ഹജക് ഉള്‍പ്പെടെ ജലാശയത്തിന് സമീപമുള്ള എട്ട് ഗ്രാമങ്ങള്‍ അക്രമികള്‍ കൊള്ളയടിക്കുകയും തീയിട്ടു നശിപ്പിക്കുകയും ചെയ്തു. കൂടാതെ ഒര്‍ഷിയിലെ പ്രധാന മാര്‍ക്കറ്റില്‍ കയറി സാധനങ്ങള്‍ കവര്‍ന്ന ശേഷം അതിനും തീവച്ചു.

 വളര്‍ത്തുമൃഗങ്ങളെയും വീട്ടുസാധനങ്ങളും ഇവര്‍ കടത്തിക്കൊണ്ടുപോയതായി വടക്കന്‍ ഡാര്‍ഫറിലെ പ്രാദേശിക പ്രതിരോധ സമിതി വക്താവായ അബൂബക്കര്‍ അല്‍-ഇമാം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

നേരത്തെയും സമാനമായ രീതിയില്‍ ഇവിടെ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. 

അന്ന് പതിനായിരക്കണക്കിന് ജനങ്ങളാണ് ജീവന്‍ രക്ഷിക്കാനായി അയല്‍രാജ്യമായ ചാഡിലേക്ക് പലായനം ചെയ്തത്. ആ പ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ വീണ്ടും ആര്‍.എസ്.എഫ് ആക്രമണം നടത്തിയിരിക്കുന്നത്.

Tags

Share this story

From Around the Web