മാസം 80 ലക്ഷത്തിന്റെ ധൂർത്ത്; വാടക ഹെലികോപ്റ്റർ കരാർ അവസാനിപ്പിക്കാൻ ഒരുങ്ങി സർക്കാർ; ഖജനാവ് ചോർത്തുന്ന കരാറിന് സെപ്റ്റംബറിൽ വിരാമമായേക്കും
തിരുവനന്തപുരം: പ്രതിമാസം 80ലക്ഷം രൂപ നൽകി പിണറായി സർക്കാർ വാടകയക്കെടുത്ത ഹെലികോപ്ടർ യു.ഡി.എഫ് സർക്കാർ ഒഴിവാക്കിയേക്കും. പൊലീസിന്റെ ആവശ്യങ്ങൾക്കും വി.ഐ.പി യാത്രകൾക്കും പ്രകൃതിദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കുമായാണ് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്. 5 മാസത്തെ കുടിശിക ഇപ്പോഴുണ്ട്. കോടിക്കണക്കിന് രൂപ കോപ്ടറിന് വാടകയിനത്തിൽ നൽകിക്കഴിഞ്ഞു. ഖജനാവിനെ മുടിപ്പിക്കുന്ന ധൂർത്താണിതെന്ന് ആരോപണം ഉയരുന്നതിനിടെയാണ് വാടക കോപ്ടർ ഒഴിവാക്കാനുള്ള നീക്കം. സെപ്തംബർ വരെയാണ് വാടക കരാറുള്ളത്.
വനമേഖലകളിൽ മാവോയിസ്റ്റ് സാന്നിധ്യം നിരീക്ഷിക്കൽ, പ്രളയ മേഖലകളിലും മറ്റ് ദുരന്ത മേഖലകളിലും അതിവേഗ തെരച്ചിലും രക്ഷാപ്രവർത്തനവും, വി.ഐ.പികൾക്ക് അടിയന്തര യാത്രകൾ സുഗമമാക്കുക, അടിയന്തര സാഹചര്യങ്ങളിൽ അവയവ മാറ്റ ശസ്ത്രക്രിയയ്ക്കോ രോഗികളെ വേഗത്തിൽ എത്തിക്കാനോ ഉപയോഗിക്കുക എന്നിങ്ങനെ ആവശ്യങ്ങൾക്കായാണ് ഹെലികോപ്ടർ വാടകയ്ക്കെടുത്തത്.
ആദ്യഘട്ടത്തിൽ പൊതുമേഖലാ സ്ഥാപനമായ പവൻ ഹാൻസിൽ നിന്നാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. മാസവാടക ഏകദേശം 1.71 കോടിയോളം ആയിരുന്നു. പിന്നീട് ഡൽഹി ആസ്ഥാനമായുള്ള ചിപ്‌സൺ ഏവിയേഷനുമായി 3 വർഷത്തെ കരാറിലേർപ്പെട്ടു. മാസവാടക 80 ലക്ഷം രൂപയാണ്. ഈ തുകയ്ക്ക് പ്രതിമാസം 25 മണിക്കൂർ പറക്കും. 25 മണിക്കൂറിൽ കൂടുതൽ പറന്നാൽ മണിക്കൂറിന് ഏകദേശം 90,000 രൂപ അധികമായി നൽകണം.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ കോടിക്കണക്കിന് രൂപ വാടകയിനത്തിൽ നൽകുന്നത് ധൂർത്താണെന്ന് വിമർശനം ഉയരുന്നുണ്ട്. മാവോയിസ്റ്റ് പരിശോധനകൾക്കായി കാടുകളിൽ ഹെലികോപ്റ്ററിനേക്കാൾ തണ്ടർബോൾട്ട് സേനയുടെ നേരിട്ടുള്ള ഓപ്പറേഷനാണ് നടക്കുന്നതെന്നും ഹെലികോപ്റ്റർ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്നും ആരോപണമുയർന്നു.
മാത്രമല്ല, കേരളത്തിൽ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം ഇപ്പോഴില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. മാവോയിസ്റ്റ് വേട്ടയ്ക്കുള്ള ഫണ്ടും കുറച്ചിട്ടുണ്ട്. കേരളത്തിലുണ്ടായിരുന്ന മാവോയിസ്റ്റുകളെല്ലാം കീഴടങ്ങുകയോ തണ്ടർബോൾട്ട് നിരവധി പേരെ വെടിവച്ച് കൊല്ലുകയോ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഹെലികോപ്ടറിന്റെ ആവശ്യമെന്താണെന്ന ചോദ്യമാണ് ഉയരുന്നത്.
അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ പ്രതിരോധ സേനകളുടെ ഹെലികോപ്ടറുകൾ കേരളത്തിന് ലഭ്യമാണ്. ഭാരതീയ വ്യോമസേന, നാവികസേന , കരസേന , കോസ്റ്റ് ഗാർഡ് എന്നിവയുടെ ഹെലികോപ്റ്ററുകളാണ് ദുരന്തനിവാരണത്തിനായി പ്രധാനമായും കേരളത്തിലെത്തുന്നത്. ചീഫ്സെക്രട്ടറി കത്ത് നൽകിയാൽ ഹെലികോപ്ടറുകൾ കേരളത്തിലെവിടെയും സേനകൾ എത്തിക്കും.
പരമാവധി ഒരു ലക്ഷം രൂപയാണ് അവർ ബില്ല് നൽകുക. എന്നാൽ സർക്കാർ പണം നൽകേണ്ട. സർക്കാരും സേനകളും തമ്മിലുള്ള ബുക്ക് അഡ്‍ജസ്റ്റ്മെന്റിൽ ഇത് ഉൾപ്പെടും. സ്വകാര്യ ഹെലികോപ്ടറുകളേക്കാൾ പരിചയസമ്പത്തുള്ളവരാണ് സേനകളിലെ പൈലറ്റുമാർ. മാത്രമല്ല, സ്വകാര്യ കോപ്ടർ ദുരന്തനിവാരണത്തിന് അനുയോജ്യമല്ല. കാലാവസ്ഥ മോശമായാൽ അത് പറക്കില്ല. സേനാ കോപ്ടർ ഏത് മോശം കാലാവസ്ഥയിലും പറക്കും.
2018, 2019 പ്രളയങ്ങൾ, കവളപ്പാറ, പെട്ടിമുടി, വയനാട് ഉരുൾപൊട്ടലുകൾ തുടങ്ങിയ സന്ദർഭങ്ങളിൽ ആയിരക്കണക്കിന് ആളുകളെ രക്ഷപ്പെടുത്തിയത് സായുധസേനയുടെ ഹെലികോപ്റ്ററുകളാണ്. ഒറ്റപ്പെട്ടുപോയ മലയോര മേഖലകളിലും വെള്ളപ്പൊക്ക പ്രദേശങ്ങളിലും എയർഡ്രോപ്പ് വഴി ഭക്ഷണവും മരുന്നും എത്തിക്കും. ഓഖി ചുഴലിക്കാറ്റ് പോലുള്ള അടിയന്തര ഘട്ടങ്ങളിൽ തീരസംരക്ഷക സേനയുടെയും നാവികസേനയുടെയും ഹെലികോപ്റ്ററുകളാണ് കടലിൽ രക്ഷാപ്രവർത്തനം നടത്തിയത്.
ദുർഘടമായ മലയോരങ്ങളിൽ ലാൻഡ് ചെയ്യാനും എയർ-ലിഫ്റ്റിംഗിനും സാധിക്കും. തീരദേശ രക്ഷാപ്രവർത്തനത്തിനും കടലിലെ തിരച്ചിലിനും സേനാ കോപ്ടറുകൾക്ക് കഴിയും. സ്വകാര്യ ഹെലികോപ്ടറിന് ഇതിനുള്ള ശേഷിയില്ല. വാടകയ്‌ക്കെടുക്കുന്ന ഹെലികോപ്റ്ററുകൾ അടിയന്തര വി.ഐ.പി, പൊലീസ് ആവശ്യങ്ങൾക്ക് സ്ഥിരമായി ഉപയോഗിക്കുമ്പോൾ, വലിയ തോതിലുള്ള പ്രകൃതിദുരന്തങ്ങളിൽ ജനങ്ങളെ സുരക്ഷിതരാക്കാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് സേനാ ഹെലികോപ്റ്ററുകളെയാണ്. ഇതെല്ലാം കണക്കിലെടുത്താണ് ഖജനാവ് ചോർത്തുന്ന വാടക ഹെലികോപ്ടർ ഒഴിവാക്കാനുള്ള നീക്കം.