സൗന്ദര്യ ചികിത്സയ്ക്ക് 4 കോടി; 75കാരിയുടെ സമ്പാദ്യം മുഴുവന്‍ ചെലവാക്കി; പല ചികിത്സകള്‍ക്കായി പണം നല്‍കിയെങ്കിലും സലൂണുകാര്‍ കൃത്യമായ ചികിത്സ നല്‍കിയില്ലെന്ന് മകളുടെ ആരോപണം
വിരമിച്ച ശേഷം ലഭിച്ച സമ്പാദ്യം മുഴുവന്‍ സൗന്ദര്യ ചികിത്സകള്‍ക്കായി ചെലവഴിച്ച് ചൈനയിലെ 75കാരി. യു എന്‍ എന്ന 75കാരിയാണ് ഏകദേശം നാലുകോടിയോളം രൂപ സൗന്ദര്യ വര്‍ധക ചികിത്സകള്‍ക്കായി ചെലവഴിച്ചത്.
2016 മുതല്‍ ഒരേ സ്ഥാപനത്തിന്റെ ശാഖയിലും മെഡിക്കല്‍ ക്ലിനിക്കിലുമാണ് ഇവര്‍ ചികിത്സകള്‍ നടത്തിയിരുന്നത്. എന്നാല്‍ ഇത്രയും വലിയ തുക ചെലവായ വിവരം പിന്നീട് മാത്രമാണ് മകള്‍ അറിയുന്നത്.
യോങ്ചി ബ്യൂട്ടി ആന്‍ഡ് ഹെയര്‍ ഡ്രെസിങ് കമ്പനിയുടെ ശാഖയിലും മെഡിക്കല്‍ ക്ലിനിക്കിലുമാണ് യു എന്‍ വര്‍ഷങ്ങളായി എത്തിയത്. സ്‌കിന്‍ ടൈറ്റനിങ്, ത്രെഡ് ലിഫ്റ്റ്, മസാജ്, പുരികം ടാറ്റൂ ചെയ്യല്‍, ലിപ് ടാറ്റൂയിങ് തുടങ്ങി നിരവധി ചികിത്സകള്‍ ഇവര്‍ നടത്തി.
എന്നാല്‍ ചികിത്സകള്‍ക്കായി ഉയര്‍ന്ന തുകയാണ് ക്ലിനിക് ഈടാക്കിയതെന്ന് മകള്‍ ആരോപിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ ഇല്ലാതിരുന്നതിനാല്‍ അമ്മ എത്രത്തോളം പണം ചെലവഴിക്കുന്നുവെന്ന് മനസ്സിലായില്ലെന്നും പിന്നീട് മാത്രമാണ് ഇക്കാര്യം അറിഞ്ഞതെന്നും മകള്‍ ചൈനീസ് മാധ്യമത്തോട് പറഞ്ഞു.
യു എന്നിന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും വീട് വിറ്റ് ലഭിച്ച പണമായിരുന്നുവെന്നും മകള്‍ വ്യക്തമാക്കി. പല ചികിത്സകള്‍ക്കായും പണം വാങ്ങിയെങ്കിലും സലൂണുകാര്‍ കൃത്യമായ ചികിത്സ നല്‍കിയില്ലെന്നും അവര്‍ ആരോപിച്ചു.
എന്നാല്‍ സലൂണ്‍ ജീവനക്കാര്‍ ഈ ആരോപണം നിഷേധിച്ചു. തന്റെ രൂപത്തെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം യു എന്‍ ചികിത്സകള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെന്നും ഓരോ ചികിത്സയുടെയും വില സലൂണില്‍ തന്നെ പ്രദര്‍ശിപ്പിച്ചിരുന്നുവെന്നും ജീവനക്കാരന്‍ പറഞ്ഞു.
ചികിത്സകളുടെ തുകയും ലഭിച്ച സേവനങ്ങളും സംബന്ധിച്ച് മകളും സലൂണ്‍ അധികൃതരും തമ്മില്‍ വ്യത്യസ്ത വാദങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.