3,73,000 രൂപ നാലാഴ്ചയ്ക്കകം നല്‍കാന്‍ നിര്‍ദേശം; ഓണ്‍ലൈന്‍ തട്ടിപ്പില്‍ നഷ്ടപ്പെട്ട പണം ബാങ്ക് നല്‍കണമെന്ന് ഹൈക്കോടതി

 
court


കൊച്ചി: ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പില്‍ നഷ്ടപ്പെട്ട 3,73,000 രൂപ അക്കൗണ്ട് ഉടമയ്ക്ക് എസ്.ബി.ഐ. തിരികെനല്‍കണമെന്ന് ഹൈക്കോടതി. 

കണ്ണൂര്‍ മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ്. കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ ടി.എല്‍. രമാദേവിയുടെ ഹര്‍ജി അനുവദിച്ചാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്റെ ഉത്തരവ്. 2019 ജൂലായിലാണ് എ.ടി.എം. കാര്‍ഡ് ബ്ലോക്ക് ആകുമെന്നുകാണിച്ച് രമാദേവിക്ക് വ്യാജ എസ്.എം.എസും തുടര്‍ന്ന് ഫോണ്‍ കോളും ലഭിച്ചത്.

ആപ്പ് രജിസ്ട്രേഷനായി ഒ.ടി.പി. കൈമാറിയതിന് പിന്നാലെ ഹര്‍ജിക്കാരിയുടെ അക്കൗണ്ടില്‍നിന്ന് 3,73,000 രൂപ നഷ്ടപ്പെട്ടു. ഉടന്‍ ബാങ്ക് കസ്റ്റമര്‍ കെയറിലും മട്ടന്നൂര്‍ പോലീസിലും പരാതിനല്‍കി. ഉപഭോക്താവിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ബാങ്കിങ് ഓംബുഡ്സ്മാന്‍ ഹര്‍ജിക്കാരിയുടെ അപേക്ഷ തള്ളി.

എന്നാല്‍, റിസര്‍വ് ബാങ്കിന്റെ (ആര്‍.ബി.ഐ.) സര്‍ക്കുലര്‍ പ്രകാരം, തട്ടിപ്പ് വിവരം ഉടനടി ബാങ്കിനെ അറിയിച്ച സാഹചര്യത്തില്‍ ഉപഭോക്താവിന് പൂര്‍ണ സംരക്ഷണത്തിന് അര്‍ഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. വ്യാജസന്ദേശത്തില്‍ വഞ്ചിതരായി ഒ.ടി.പി. കൈമാറിയതുകൊണ്ടുമാത്രം ഉപഭോക്താവ് അറിഞ്ഞുകൊണ്ട് പണം നഷ്ടപ്പെടുത്തിയെന്ന് കരുതാനാകില്ലെന്ന് കോടതി പറഞ്ഞു. 3,73,000 രൂപ നാലാഴ്ചയ്ക്കകം നല്‍കാന്‍ എസ്.ബി.ഐ.ക്ക് നിര്‍ദേശം നല്‍കി.

Tags

Share this story

From Around the Web