'370 രൂപയുടെ ബിരിയാണി' തര്‍ക്കം; സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ പ്രാനിത് മോറെയ്ക്കും ഹിമാന്‍ഷു ജാന്‍ഗ്രയ്ക്കും എതിരെ ഗുരുഗ്രാം പോലീസ് കേസെടുത്തു
ഗുരുഗ്രാം: സൈബര്‍ ഹബ്ബില്‍ നടന്ന കോമഡി ഷോയ്ക്കിടെ സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ പ്രാനിത് മോറെ, വെബ് ഡെവലപ്പര്‍ ഹിമാന്‍ഷു ജാന്‍ഗ്ര എന്നിവര്‍ക്കെതിരെ ഗുരുഗ്രാം പോലീസ് കേസെടുത്തു.
ഡി.എല്‍.എഫ് ഫേസ്-2 പോലീസ് സ്റ്റേഷനിലാണ് ഇരുവര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ 12-ന് സൈബര്‍ ഹബ്ബില്‍ നടന്ന കോമഡി ഷോയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. വീഡിയോയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപകമായ ജനരോഷം ഉയര്‍ന്നിരുന്നു.
ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. വിനോദത്തിന്റെ പേരില്‍ സ്ത്രീകളെ അപമാനിക്കുന്നത് ഒരു സാഹചര്യത്തിലും വച്ചുപൊറുപ്പിക്കാനാകില്ലെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കി.
ഗുരുഗ്രാമിലെ സൈബര്‍ സിറ്റിയിലുള്ള 'ദി ലാഫ് സ്റ്റോര്‍' എന്ന വേദിക്കുള്ളില്‍ കോമഡി ഷോ നടത്തുന്നതിനിടെ പ്രാനിത് മോറെ സദസ്സിലിരുന്നവരുമായി സംസാരിക്കുകയായിരുന്നു. ഇതിനിടയിലാണ് സദസ്സിലുണ്ടായിരുന്ന ഗുരുഗ്രാം സ്വദേശിയായ 22-കാരന്‍ വെബ് ഡെവലപ്പര്‍ ഹിമാന്‍ഷു ജാന്‍ഗ്ര തന്റെ ഒരു ഡേറ്റിംഗ് അനുഭവം പങ്കുവെച്ചത്.
താന്‍ ഒരു പെണ്‍കുട്ടിയോടൊപ്പം പുറത്തുപോയെന്നും അവള്‍ക്ക് 370 രൂപയുടെ ചിക്കന്‍ ബിരിയാണി വാങ്ങിനല്‍കിയെന്നും ഹിമാന്‍ഷു പറഞ്ഞു. തുടര്‍ന്ന് വീട്ടിലാക്കാന്‍ പെണ്‍കുട്ടി ആവശ്യപ്പെട്ടപ്പോള്‍, 'ഞാന്‍ 370 രൂപ ചിലവാക്കിയിട്ടുണ്ട്, അതിനുള്ളത് ഞാന്‍ മുതലാക്കും' എന്ന് ഹിമാന്‍ഷു സദസ്സില്‍ വെച്ച് പരസ്യമായി പറയുകയായിരുന്നു. ഈ പരാമര്‍ശത്തെ കൊമേഡിയന്‍ പ്രാനിത് മോറെ കോമഡി ഷോയുടെ ഭാഗമാക്കുകയും ചെയ്തു.
വിവാദം കനത്തതോടെ കൊമേഡിയന്‍ പ്രാനിത് മോറെ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി മാപ്പ് ചോദിച്ചു. അതേസമയം, സംഭവത്തിന്റെ വൈറല്‍ വീഡിയോയും കോമഡി ഷോ നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിനായി ഇരുവര്‍ക്കും ഉടന്‍ തന്നെ നോട്ടീസ് അയക്കുമെന്നും അന്വേഷണത്തില്‍ തെളിയുന്ന വസ്തുതകളുടെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഗുരുഗ്രാം പോലീസ് അറിയിച്ചു.