വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ ആനുകൂല്യമായി 34.18 കോടി രൂപ അനുവദിച്ചുവെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിന്റെ ഭാഗമായി മത്സ്യബന്ധനത്തിന് ബുദ്ധിമുട്ട് നേരിട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി നല്‍കിയിരുന്ന മണ്ണെണ്ണ ആനുകൂല്യം നല്‍കുന്നതിന്റെ കാലയളവ് ദീര്‍ഘിപ്പിച്ച് 34.18 കോടി രൂപ അനുവദിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതായി മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
തുറമുഖത്തിന്റെ പുലിമുട്ട് നിര്‍മാണം കാരണം മത്സ്യബന്ധനത്തിന് ബുദ്ധിമുട്ട് നേരിട്ട മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍മാണ കാലയളവായ രണ്ട് വര്‍ഷത്തേക്ക് മത്സ്യഫെഡ് മുഖാന്തരം സൗജന്യനിരക്കില്‍ മണ്ണെണ്ണ വിതരണം ചെയ്തിരുന്നു.
വിഴിഞ്ഞം സൗത്ത്, വിഴിഞ്ഞം നോര്‍ത്ത്, അടിമലത്തുറ എന്നീ മത്സ്യഗ്രാമങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വള്ളങ്ങള്‍ക്കായിരുന്നു ഈ ആനുകൂല്യം അനുവദിച്ചിരുന്നത്. തുടര്‍ന്ന് 2022 മുതല്‍ ഒരു വര്‍ഷം കാലത്തേക്ക് കൂടി മണ്ണെണ്ണ വിതരണത്തിന് അനുമതി നല്‍കുകയും അതുപ്രകാരം ആനുകൂല്യം വിതരണം ചെയ്യുകയും ചെയ്തിരുന്നു.
പുലിമുട്ട് നിര്‍മാണ കാലയളവ് നീണ്ടുപോയതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളി സംഘടനകളുടെയും ജനപ്രതിനിധികളുടെയും അഭ്യര്‍ഥന മാനിച്ച് ഈ പദ്ധതി വീണ്ടും 2024 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചാണ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായ തുകയാണ് ഇപ്പോള്‍ അനുവദിച്ചത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിയമാനുസൃത രജിസ്ട്രേഷന്‍ ഉള്ള 1,256 എഞ്ചിനുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. എത്രയും വേഗം തന്നെ തുക മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.