കയ്യില്‍ 200 രൂപ; മകളുടെ പിറന്നാള്‍ കേക്ക് വാങ്ങാനിറങ്ങിയ അച്ഛന് പിഴയിട്ട് പൊലീസ്,ഒടുവില്‍ പിറന്നാള്‍ ആഘോഷം കളറാക്കി

 
POLICE BIRTHDAY


ഇരുനൂറു രൂപയുമായി മകളുടെ പിറന്നാളിന് മധുരം വാങ്ങാന്‍ ഇറങ്ങിയ പിതാവിന് ഹെല്‍മറ്റില്ലാത്തതിനെ തുടര്‍ന്ന് പൊലീസിന്റെ പിഴ 250 രൂപ. എന്നാല്‍ പിഴയൊടുക്കാന്‍ പണം ഇല്ലാതിരുന്ന ആ അച്ഛന്റെ മനസറിഞ്ഞ പൊലീസ് അച്ഛന്റെ പിഴത്തുക കയ്യില്‍ നിന്ന അടയ്ക്കുകയും മകള്‍ക്ക് പിറന്നാള്‍ സമ്മാനങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തു. കോട്ടയത്ത് ഇന്റര്‍സെപ്റ്റര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ.സിജോ രവീന്ദ്രനും സംഘവുമാണ് എരുമേലി സ്വദേശി സുജിത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷം കളറാക്കിയത്.


കഴിഞ്ഞ പതിനാറിന് എരുമേലിയില്‍ എരുമേലിക്കും കാഞ്ഞിരപ്പള്ളിക്കുമിടയില്‍ നടത്തിയ പതിവ് വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. റിയര്‍ വ്യൂ മിറര്‍ ഇല്ലാത്തതും പിന്‍സീറ്റിലെ യാത്രക്കാരന്‍ ഹെല്‍മെറ്റ് ധരിക്കാത്തതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇരുചക്രവാഹനം തടഞ്ഞത്. നിയമലംഘനത്തിന് 250 രൂപ പിഴ ചുമത്തി. എന്നാല്‍ വാഹനം ഓടിച്ചയാള്‍ കടുത്ത നിരാശയിലും വിഷമത്തിലുമായിരുന്നു. കാര്യം തിരക്കിയ ഉദ്യോഗസ്ഥരോട് തനിക്ക് മൂന്നാഴ്ചയായി ജോലിയില്ലെന്നും, കൈവശം ആകെയുള്ള 200 രൂപ മകളുടെ നാലാം പിറന്നാളിന് മിഠായി വാങ്ങാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.


ജോലിയും പണവുമില്ലാതെ മാനസികമായി ബുദ്ധിമുട്ടുന്ന പിതാവിന്റെ സങ്കടം മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ പിഴ തുക സ്വന്തം കയ്യില്‍ നിന്ന അടച്ചു. ഒപ്പം അദ്ദേഹത്തെ സഹായിക്കാനും തീരുമാനിച്ചു. തുടര്‍ന്ന് എരുമേലി ടൗണിലെ ബേക്കറിയിലെത്തി മകള്‍ 'വൈഗ'യ്ക്കായി പേരെഴുതിയ പിറന്നാള്‍ കേക്കും മിഠായികളും ഉദ്യോഗസ്ഥര്‍ സ്വന്തം ചെലവില്‍ വാങ്ങി നല്‍കി. കൂടാതെ, കുട്ടിക്ക് പുതിയ ഉടുപ്പും സമ്മാനമായി വാങ്ങി. ഒപ്പം കുട്ടിയെ നേരിട്ട് കണ്ട് ആശംസകള്‍ അറിയിക്കാനായി ഇവര്‍ യുവാവിന്റെ വീട് സന്ദര്‍ശിക്കുകയും ചെയ്തു.
പൊലീസും എം.വി.ഡി ഉദ്യോഗസ്ഥരും വീട്ടിലേക്കു വരുന്നതു കണ്ട് ഒരുവേള അദ്ഭുതപ്പെട്ട കുടുംബത്തെ സമാധാനിപ്പിച്ച്, കുഞ്ഞിനൊപ്പം പിറന്നാള്‍ കേക്ക് മുറിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഈ സ്‌നേഹത്തിന് സമൂഹമാധ്യമങ്ങളിലും വലിയ പ്രശംസയാണ് ലഭിക്കുന്നത്.

Tags

Share this story

From Around the Web