10,000 രൂപ ശമ്പള കുടിശ്ശിക തര്‍ക്കം; 14 കടകള്‍ക്ക് തീയിട്ട് യുവാവ്, നഷ്ടം 24 കോടി, യുവാവിനെ പൊലീസ് ചോദ്യം ചെയ്തു

 
vinod

സൂറത്ത്: 10,000 രൂപയുടെ ശമ്പള കുടിശ്ശികയെച്ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് വന്‍ തീപിടിത്തത്തില്‍. സൂറത്തിലെ ശ്യാം സംഗിനി ടെക്‌സ്‌റ്റൈല്‍ മാര്‍ക്കറ്റില്‍ സെപ്റ്റംബര്‍ 9ന് ഉണ്ടായ തീപിടിത്തം അപകടമല്ലെന്നും തൊഴിലുടമയുടെ കടയ്ക്ക് ജീവനക്കാരന്‍ മനഃപൂര്‍വം തീയിട്ടതാണെന്നും പൊലീസ് കണ്ടെത്തി. സംഭവത്തില്‍ 14 കടകള്‍ കത്തിനശിക്കുകയും ഏകദേശം 24 കോടി രൂപയുടെ തുണിത്തരങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നശിക്കുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് 33കാരനായ അക്കൗണ്ടന്റ് വിനോദ് പണ്ഡിറ്റ് സാവലെയെ സൂറത്ത് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. മാര്‍ക്കറ്റിലെ ആറാം നിലയിലെ ഒരു കടയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു വിനോദ്. എന്നാല്‍ ഇയാള്‍ക്ക് തൊഴിലുടമയുമായി 10,000 രൂപയുടെ കുടിശ്ശികയെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

2026 ഏപ്രിലിലാണ് വിനോദ് പ്രതിമാസം ഏകദേശം 30,000 രൂപ ശമ്പളത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് തൊഴിലുടമയുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഇയാള്‍ ജോലി ഉപേക്ഷിച്ചു. എന്നാല്‍ 10,000 രൂപയെച്ചൊല്ലിയുള്ള തര്‍ക്കമാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
അതേസമയം, കടയ്ക്ക് നേരത്തെ തീയിടാന്‍ വിനോദ് ശ്രമിച്ചിരുന്നെങ്കിലും ശ്രമം പരാജയപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തി. തുടര്‍ന്ന് ഏകദേശം 150 രൂപയുടെ പെട്രോള്‍ വാങ്ങി വീണ്ടും തീയിടാന്‍ പദ്ധതിയിട്ടെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ മുഖം വെള്ള തൂവാലകൊണ്ട് മറച്ച ഒരാള്‍ തോളില്‍ ബാഗുമായി മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നത് കണ്ടെത്തി. ഇയാള്‍ വിനോദാണെന്ന് സ്ഥിരീകരിച്ചതായും പൊലീസ് പറഞ്ഞു

ദേവാധ് ഗ്രാമത്തിലെ പെട്രോള്‍ പമ്പില്‍ നിന്നാണ് വിനോദ് ഏകദേശം 150 രൂപയുടെ പെട്രോള്‍ വാങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. പ്ലാസ്റ്റിക് ബാഗിലും കുപ്പിയിലുമായി ഇന്ധനം കൊണ്ടുവന്ന ഇയാള്‍ സെപ്റ്റംബര്‍ 8ന് രാത്രി ഒമ്പത് മണിയോടെ മാര്‍ക്കറ്റിലെത്തി. മാര്‍ക്കറ്റ് വിജനമായതോടെ കടയ്ക്ക് പുറത്ത് സൂക്ഷിച്ചിരുന്ന തുണിക്കെട്ടുകളിലും പാഴ്‌സലുകളിലും പെട്രോള്‍ ഒഴിച്ച് തീയിട്ട ശേഷം ഇയാള്‍ രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്.


തീ അതിവേഗം പടര്‍ന്ന് നിരവധി കടകളിലേക്ക് വ്യാപിച്ചു. തുടര്‍ന്ന് 14 കടകള്‍ കത്തിനശിച്ചെന്നും കോടിക്കണക്കിന് രൂപയുടെ തുണിത്തരങ്ങളും മറ്റ് സാധനങ്ങളും നശിച്ചെന്നും പൊലീസ് വ്യക്തമാക്കി. ഏകദേശം 38 മണിക്കൂറെടുത്താണ് അഗ്‌നിരക്ഷാസേന തീയണച്ചത്.

തീപിടിത്തത്തിന് പിന്നാലെ സരോളി പൊലീസ് അജ്ഞാതനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി 1500ലേറെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളാണ് ക്രൈം ബ്രാഞ്ച് പരിശോധിച്ചത്.
തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതും അറിഞ്ഞതോടെ വിനോദ് മൊബൈല്‍ ഫോണ്‍ ഓഫാക്കി ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം സൂറത്തില്‍ നിന്ന് കടന്നുകളഞ്ഞതായി പൊലീസ് കണ്ടെത്തി. ആദ്യം രാജസ്ഥാനിലെ ഖാട്ടു ശ്യാം ക്ഷേത്രത്തിലേക്കും പിന്നീട് അയോധ്യയിലേക്കും പോയെന്നാണ് പൊലീസ് പറയുന്നത്.

സൂറത്തില്‍ തിരിച്ചെത്തിയതോടെ, ദിന്‍ഡോളിയിലെ ഫ്‌ലവര്‍ ഗാര്‍ഡന് സമീപത്തുനിന്നാണ് വിനോദിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പ്രതിയെ സരോളി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. തീപിടിത്തത്തില്‍ ഏകദേശം 24കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് സൂറത്ത് അഡീഷനല്‍ പൊലീസ് കമ്മിഷണര്‍ കരണരാജ് വഗേല അറിയിച്ചത്. തീപിടിത്തത്തിന് പിന്നിലെ ഗൂഢാലോചന, പെട്രോള്‍ എങ്ങനെ വാങ്ങി തുടങ്ങിയ കാര്യങ്ങളില്‍ വിനോദിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Tags

Share this story

From Around the Web