50 ജീവനക്കാര്‍ക്കും ഒരു ലക്ഷം രൂപ വീതം പണമായി നല്‍കി; ടെക്‌സ്‌റ്റൈല്‍ സ്ഥാപന ഉടമയുടെ ദീപാവലി സമ്മാനം വൈറല്‍
സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ഒരു ലക്ഷത്തിലധികം രൂപ വീതം പണമായി സമ്മാനിച്ച് വ്യവസായി. രാംസ്വരൂപ് മുണ്ടെ എന്ന ടെക്‌സ്‌റ്റൈല്‍ ഉടമയാണ് മധുരപലഹാരങ്ങളും ഡ്രൈ ഫ്രൂട്ട്സും നല്‍കുന്നതിന് പകരം പണം സമ്മാനമായി നല്‍കിയിരിക്കുന്നത്. തന്റെ സ്ഥാപനത്തിലെ 50 ജീവനക്കാര്‍ക്കും അദ്ദേഹം ഒരു ലക്ഷം രൂപ വീതം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
10 രൂപ മുതല്‍ 500 രൂപ വരെയുള്ള നോട്ടുകള്‍ വെള്ളിത്തളികയില്‍ അടുക്കിവെച്ച് ജീവനക്കാര്‍ക്ക് എടുത്തുനല്‍കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. രാംസ്വരൂപ് മുണ്ടെയുടെ ഭാര്യയാണ് പണം വിതരണം ചെയ്യുന്നത്. ജീവനക്കാര്‍ വലിയ സന്തോഷത്തോടെയും വികാരാധീനരായും പണം സ്വീകരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പണം കൈപ്പറ്റുന്നതിനിടെ ഒരു ജീവനക്കാരി പൊട്ടിക്കരയുന്നതും രാംസ്വരൂപ് മുണ്ടെ അവരെ ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ജീവനക്കാരുടെ കഠിനാധ്വാനത്തെയും ആത്മാര്‍ഥതയെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് സമ്മാനം നല്‍കുന്നതെന്ന് രാംസ്വരൂപ് മുണ്ടെ പറഞ്ഞു. തന്റെ സ്ഥാപനത്തിലെ ജീവനക്കാരെ വെറും തൊഴിലാളികളായല്ല, കുടുംബാംഗങ്ങളായാണ് കാണുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് ആശങ്കപ്പെടാതെ ജീവനക്കാര്‍ക്ക് സ്വന്തം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ദീപാവലി ആഘോഷിക്കാന്‍ കഴിയണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് രാംസ്വരൂപ് മുണ്ടെയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. വെറും ബോണസായിട്ടല്ല, കുടുംബാംഗങ്ങളോടുള്ള സ്‌നേഹപ്രകടനമായതുകൊണ്ടാണ് പണം പൂജാത്തളികയില്‍ വെച്ച് കൈമാറിയത് എന്നൊക്കെയാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ജീവനക്കാര്‍ക്ക് 100 ഗ്രാം കശുവണ്ടിയും ബദാമും നല്‍കി ബോണസ് അവസാനിപ്പിക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഇത്തരം കാര്യങ്ങള്‍ കണ്ട് പഠിക്കണമെന്ന് മറ്റ് ചിലരും പറയുന്നു.