ഉദ്യോഗസ്ഥ ദമ്പതികളുടെ വീട്ടില്‍ 1 കോടി രൂപ, ആഡംബര വാച്ചുകള്‍, ആഭരണങ്ങള്‍; കണ്ണുതള്ളി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍
പട്ന: ബിഹാറിലെ ഉദ്യോഗസ്ഥ ദമ്പതികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ ഒരുകോടി രൂപയിലധികം പണവും സ്വര്‍ണാഭരണങ്ങളും സ്വത്ത് വിവരങ്ങള്‍ അടങ്ങിയ രേഖകളും വിലകൂടിയ വാച്ചുകളും ഉള്‍പ്പെടെ അനധികൃത സ്വത്തുക്കള്‍ കണ്ടെടുത്തു.
പട്ന അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് (സപ്ലൈ) രവീന്ദ്ര കുമാര്‍ ദിവാകര്‍, അദ്ദേഹത്തിന്റെ ഭാര്യയും ദാനാപ്പുര്‍ ഡിസ്ട്രിക്റ്റ് സബ് രജിസ്ട്രാറുമായ കുമാരി സ്വീറ്റി എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് അനധികൃത സ്വത്തുസമ്പാദന കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച റെയ്ഡ് നടന്നത്.
ബിഹാര്‍ വിജിലന്‍സ് ബ്യൂറോയുടെ സംഘങ്ങള്‍ പട്നയിലും ബെഗുസരായിലുമുള്ള നിരവധി കേന്ദ്രങ്ങളില്‍ ഒരേസമയമാണ് റെയ്ഡ് നടത്തിയത്.
പണത്തിനും ആഭരണങ്ങള്‍ക്കും പുറമേ സ്വത്ത്, ബാങ്ക് അക്കൗണ്ടുകള്‍, നിക്ഷേപങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പിടിച്ചെടുത്ത പണം എണ്ണുന്നതിനായി കൗണ്ടിങ് മെഷീനുകള്‍ എത്തിച്ചിരുന്നു. വിജിലന്‍സ് വകുപ്പിലെ ഒരു സംഘം പണവും ആഭരണങ്ങളും മറ്റ് രേഖകളും പരിശോധിച്ചു.
വിജിലന്‍സ് വകുപ്പ് ഡി.ഐ.ജി സംഭവസ്ഥലത്തുണ്ടായിരുന്നു, അദ്ദേഹത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് മുഴുവന്‍ പരിശോധനയും നടന്നത്.
കണ്ടെടുത്ത പണത്തിന്റെയും സ്വര്‍ണാഭരണങ്ങളുടെയും കൃത്യമായ അളവും മൂല്യവും അന്വേഷണം പൂര്‍ത്തിയായ ശേഷമേ സ്ഥിരീകരിക്കാനാവൂ. വിജിലന്‍സ് വകുപ്പില്‍ നിന്നും വൈകാതെ ഔദ്യോഗിക വിശദീകരണം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇവരുടെ പട്നയിലെ വസതിയില്‍ മാത്രമല്ല, ബെഗുസരായിലെ തറവാട്ടു വീട്ടിലും റെയ്ഡ് നടന്നു. ഈ വസതികളില്‍ നിന്ന് പണമായി ഒരു കോടിയിലധികം രൂപയും, കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങളും ലക്ഷ്വറി വാച്ചുകളും കണ്ടെടുത്തു.
പട്നയില്‍ നിന്ന് 70 ലക്ഷം രൂപയും ആറുലക്ഷം രൂപ വിലമതിക്കുന്ന 48 വാച്ചുകളുമാണ് കണ്ടെടുത്തത്. ബെഗുസരായില്‍ നിന്ന് ഒമ്പത് ലക്ഷം രൂപയും സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളുമാണ് കണ്ടെടുത്തത്. രണ്ട് സ്ഥലങ്ങളില്‍ നിന്നും ഭൂമിയുമായും നിക്ഷേപങ്ങളുമായും ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തിട്ടുണ്ട്.
അറ്‌ലൃശേലൊലിേ
ഇത് കൂടാതെ, പട്നയില്‍ തന്റെയും ഭാര്യയുടേയും പേരില്‍ 1.07 കോടി രൂപ വിലമതിക്കുന്ന രണ്ട് ഫ്ളാറ്റുകളും, ഭാര്യയുടെയും പിതാവിന്റെയും പേരില്‍ ഏകദേശം 1.28 കോടി രൂപ വിലമതിക്കുന്ന മൂന്ന് പ്ലോട്ടുകളും രവീന്ദ്ര ദിവാകര്‍ സ്വന്തമാക്കിയിരുന്നു.
ആരോപിക്കപ്പെടുന്ന അനധികൃത സ്വത്തിന്റെ അളവ് നിര്‍ണയിക്കുന്നതിന് മുമ്പ് പിടിച്ചെടുത്ത വസ്തുക്കള്‍ വിജിലന്‍സ് പരിശോധിച്ചേക്കും എന്നാണ് വിവരം.
പരിശോധന പൂര്‍ത്തിയാകുന്നതോടെ സ്വത്തുക്കളുടെ മൂല്യവും സ്വഭാവവും ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. റെയ്ഡ് നടപടികള്‍ പൂര്‍ത്തിയായശേഷം, അനധികൃത സ്വത്തുസമ്പാദന ആരോപണം തെളിഞ്ഞാല്‍ ബന്ധപ്പെട്ട വ്യക്തികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്.