മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ആര്‍ ഒ വി പരിശോധന പൂര്‍ത്തിയായി; റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ പരിശോധന വിജയകരമായി പൂര്‍ത്തിയായി.
അണക്കെട്ടിന്റെ ജലത്തിനടിയിലുള്ള ഭാഗങ്ങളുടെ ബലക്ഷയം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഒരാഴ്ച നീണ്ടുനിന്ന വിദഗ്ധ പരിശോധനയാണ് ഞായറാഴ്ച വൈകിട്ടോടെ അവസാനിച്ചത്.
1,241 അടി നീളമുള്ള അണക്കെട്ടിനെ 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ചാണ് പഠനം നടത്തിയത്.
റോബോട്ടിക് വാഹനം ജലത്തിനടിയില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഗവേഷകര്‍ ബോട്ടിലിരുന്ന് 'കണ്‍ട്രോള്‍ കണ്‍സോള്‍' സ്‌ക്രീന്‍ വഴി നിരീക്ഷിക്കുകയും ജലത്തിന്റെ ആഴം, വാഹനത്തിന്റെ ദിശ, മര്‍ദ്ദം, താപനില എന്നിവ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തു.
ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മേല്‍നോട്ടത്തിനായി സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച അനില്‍ ജെയിന്‍ അധ്യക്ഷനായ നിരീക്ഷണ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടന്നത്.
ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മെറ്റീരിയല്‍ റിസര്‍ച്ച് സ്റ്റേഷനിലെ ഗവേഷകരായ മനീഷ് ഗുപ്ത, സര്‍വേദി, സെന്തില്‍, വിജയ്, ഡോ. ജാലെ ലിംഗസ്വാമി, ലാബ് അസിസ്റ്റന്റ് ദീപക് കുമാര്‍ ശര്‍മ്മ എന്നിവരടങ്ങുന്ന സംഘമാണ് ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തിയത്.
കേരളത്തെ പ്രതിനിധീകരിച്ച് ജലസേചനവിഭാഗം ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ലെവിന്‍സ് ബാബു, അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ രമേശ്, ബെനഡിക്റ്റ് എന്നിവരും തമിഴ്നാടിനെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സെല്‍വം, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രാജഗോപാല്‍ എന്നിവരും പങ്കെടുത്തു.
ഈ പരിശോധനയിലൂടെ ലഭിച്ച ദൃശ്യങ്ങളും വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ട് വിദഗ്ധ സംഘം ഉടന്‍ തന്നെ മേല്‍നോട്ട സമിതിക്ക് സമര്‍പ്പിക്കും.