ആഗോള തലത്തില്‍ പത്തു ലക്ഷം കുരുന്നുകളുടെ ജപമാല; പങ്കുചേര്‍ന്ന് പാപ്പയും

 
PAPA



വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടും സമാധാനവും ഐക്യവും പുനഃസ്ഥാപിക്കപ്പെടുവാന്‍ വത്തിക്കാന്‍ ഉദ്യാനത്തിലെ ലൂര്‍ദ് ഗ്രോട്ടോയില്‍ കുട്ടികളുടെ നേതൃത്വത്തില്‍ പ്രത്യേക ജപമാല പ്രാര്‍ത്ഥന സംഘടിപ്പിച്ചു. 

ആഗോള കത്തോലിക്ക സന്നദ്ധ സംഘടനയായ 'എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്' സംഘടിപ്പിച്ച വാര്‍ഷിക പ്രാര്‍ത്ഥനാ യജ്ഞത്തിന്റെ ഭാഗമായി റോമിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നും ഇടവകകളില്‍ നിന്നുമെത്തിയ നൂറുകണക്കിന് കുട്ടികള്‍ പ്രാര്‍ത്ഥനയില്‍ പങ്കാളികളായി.

അറബിക്, ഉര്‍ദു, ഇറ്റാലിയന്‍, ജര്‍മ്മന്‍, സ്പാനിഷ് തുടങ്ങി വിവിധ അന്താരാഷ്ട്ര ഭാഷകളിലാണ് കുട്ടികള്‍ ഓരോ രഹസ്യത്തിലും പ്രാര്‍ത്ഥനകള്‍ ചൊല്ലിയത്.

 സാംസ്‌കാരികവും ഭാഷാപരവുമായ അതിര്‍വരമ്പുകള്‍ക്കപ്പുറം കുരുന്നുകള്‍ പ്രാര്‍ത്ഥനയ്ക്കായി ഒത്തുചേര്‍ന്നത് ശ്രദ്ധേയമായി.

 ക്രിസ്തീയ ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായ കര്‍ദ്ദിനാള്‍ കുര്‍ട്ട് കോച്ച് ജപമാലയ്ക്കു മുന്നോടിയായി സന്ദേശം നല്‍കി. ലോകം നേരിടുന്ന അശാന്തികള്‍ക്കും യുദ്ധക്കെടുതികള്‍ക്കും പരിഹാരമായി പ്രാര്‍ത്ഥനയുടെ ശക്തിയെ മുറുകെപ്പിടിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.


ജപമാലയ്ക്ക ശേഷം ലെയോ പാപ്പ സന്ദേശം നല്‍കി. ജപമാല സംരംഭത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വൈദികര്‍ക്കുമൊപ്പം ആയിരിക്കാന്‍ സാധിച്ചതിലുള്ള സന്തോഷത്തെക്കുറിച്ചും പാപ്പ പറഞ്ഞു.

 ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് യുദ്ധം നടക്കുന്ന പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് സമാധാനം എന്ന 'പ്രത്യേക സമ്മാനം' യേശുവിനോടും മറിയത്തോടും ചോദിക്കുകയാണെന്ന് പാപ്പ പറഞ്ഞു.

 
ജപമാലയെ എല്ലാവര്‍ക്കും ചൊല്ലാവുന്ന ലളിതമായ പ്രാര്‍ത്ഥന എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ജപമാലയിലെ ഓരോ രഹസ്യത്തിന്റെയും തുടക്കത്തില്‍ കുട്ടികള്‍ സമര്‍പ്പിച്ച പൂക്കളെ സ്‌നേഹത്തിന്റെ അടയാളം എന്ന് വിശേഷിപ്പിച്ചു.

കുരുന്നുകളുടെ നിഷ്‌കളങ്കമായ പ്രാര്‍ത്ഥനകള്‍ ലോകത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമാണെന്നും, സ്‌നേഹത്തിലും സല്‍പ്രവൃത്തികളിലും അധിഷ്ഠിതമായ ജീവിതത്തിലൂടെ മാത്രമേ യഥാര്‍ത്ഥ സമാധാനം കൈവരിക്കാന്‍ സാധിക്കൂവെന്നും പാപ്പ പറഞ്ഞു. 

ഒക്ടോബര്‍ 1-7വരെയുള്ള ദിനങ്ങളില്‍ വത്തിക്കാന്‍ ഉദ്യാനത്തില്‍ സന്നിഹിതരായിരിക്കുന്നവര്‍ മാത്രമല്ല ഏകദേശം പത്തുലക്ഷത്തോളം കുരുന്നുകള്‍ ലോകത്തിന്റെ നാനാദേശങ്ങളില്‍ നിന്നു പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.


പത്തു ലക്ഷം കുട്ടികള്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍ ലോകം മുഴുവന്‍ മാറിമറിയും എന്ന വിശുദ്ധ പാദ്രെ പിയോയുടെ വാക്കുകളില്‍ നിന്ന് പ്രചോദനം സ്വീകരിച്ച് രൂപമെടുത്തിട്ടുള്ളതാണ് വണ്‍ മില്യന്‍ ചില്‍ഡ്രന്‍ പ്രേയിംങ് ദ റോസറി എന്ന ക്യാമ്പെയിന്‍. 

മാര്‍പാപ്പയുടെ വേള്‍ഡ് വൈഡ് പ്രെയര്‍ നെറ്റ്വര്‍ക്കിന്റെയും വേള്‍ഡ് അപ്പസ്‌തോലേറ്റ് ഓഫ് ഫാത്തിമായുടെയും ഔദ്യോഗികമായ പിന്തുണ പരിപാടിക്കുണ്ട്.

 ജപമാല മാസത്തിന് തുടക്കമായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജപമാലയജ്ഞം നടന്നുവരികയാണ്.

Tags

Share this story

From Around the Web