പരിശോധന കര്‍ശനമായിട്ടും റോഡപകടങ്ങള്‍ കൂടുന്നു; മലപ്പുറത്ത് 7 മാസത്തിനിടെ പൊലിഞ്ഞത് 187 ജീവനുകള്‍
മലപ്പുറം: പോലീസും മോട്ടോര്‍ വാഹന വകുപ്പും റോഡുകളില്‍ പരിശോധന കടുപ്പിക്കുമ്പോഴും മലപ്പുറം ജില്ലയിലെ റോഡപകടങ്ങള്‍ക്ക് കുറവില്ല. ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസത്തിനിടെ വിവിധ റോഡപകടങ്ങളില്‍ മാത്രം 187 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
അമിതവേഗതയും അശ്രദ്ധമായ ഓവര്‍ടേക്കിംഗുമാണ് ഭൂരിഭാഗം അപകടങ്ങള്‍ക്കും പ്രധാന കാരണമാകുന്നത്. ഇതിനുപുറമേ റോഡുകളിലെ കുഴികളും അശാസ്ത്രീയമായ വളവുകളും സ്ഥിതി കൂടുതല്‍ വഷളാക്കുന്നുണ്ട്.ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ആകെ 2,320 റോഡപകടങ്ങളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്.
അപകടങ്ങളില്‍ 1,989 പേര്‍ക്ക് ഗുരുതരമായോ നിസ്സാരമായോ പരിക്കേറ്റു. കൂടാതെ വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടവും വാഹനങ്ങള്‍ക്ക് കേടുപാടുകളും സംഭവിച്ച 152 അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡ്രൈവര്‍മാരുടെ അശ്രദ്ധ മൂലം കാല്‍നടയാത്രക്കാരുടെ ജീവന്‍ പോലും റോഡുകളില്‍ പൊലിയുന്ന അവസ്ഥയാണുള്ളത്.
അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങളില്‍ സിംഹഭാഗവും ഇരുചക്ര വാഹനങ്ങളാണ്.സ്വകാര്യ ബസുകള്‍, കാറുകള്‍, മറ്റ് വലിയ ഭാരവാഹനങ്ങള്‍ എന്നിവ ഉള്‍പ്പെട്ട അപകടങ്ങളും ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്.
ദേശീയപാതകളിലും സംസ്ഥാന പാതകളിലും രാത്രി സമയങ്ങളിലുണ്ടാകുന്ന അപകടങ്ങളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ആകെ റിപ്പോര്‍ട്ട് ചെയ്ത 3,566 അപകടങ്ങളില്‍ നിന്ന് 330 മരണവും 2,997 പരിക്കുകളുമാണ് രേഖപ്പെടുത്തിയിരുന്നത്.
എന്നാല്‍ ഈ വര്‍ഷം ഏഴ് മാസം പിന്നിടുമ്പോള്‍ തന്നെ കഴിഞ്ഞ വര്‍ഷത്തെ ആകെ മരണസംഖ്യയുടെ പകുതിയിലധികവും അപകടങ്ങളുടെ വലിയൊരു ഭാഗവും റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഇതേ അവസ്ഥ തുടര്‍ന്നാല്‍ വര്‍ഷാവസാനത്തോടെ ദുരന്തവ്യാപ്തി മുന്‍വര്‍ഷത്തേക്കാള്‍ ഉയര്‍ന്നേക്കുമെന്ന വലിയ ആശങ്കയിലാണ് അധികൃതരും പൊതുജനങ്ങളും.