ബിഹാറില്‍ ആര്‍ജെഡി നേതാവിനെ വെടിവെച്ചു കൊന്ന കേസ്; കൊടും കുറ്റവാളി കൊല്ലത്ത് പിടിയില്‍, ആര്‍ജെഡി നേതാവ് ബൈദ്യനാഥ് മഹതോയെ വെടിവെച്ചു കൊന്ന കേസിലാണ് അറസ്റ്റ്
 

 
rjd leader


 

കൊല്ലം: ബിഹാറില്‍ ആര്‍ജെഡി നേതാവിനെ വെടിവെച്ചു കൊന്ന കൊടും കുറ്റവാളി കൊല്ലത്ത് പിടിയില്‍. ബിഹാര്‍ സീതാമാര്‍ഹി ടുംറ സ്വദേശി മുഹമ്മദ് അജാജിനെയാണ് ഈസ്റ്റ് പൊലീസും ബിഹാര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്.


ആര്‍ജെഡി നേതാവ് ബൈദ്യനാഥ് മഹതോയെ വെടിവെച്ചു കൊന്ന കേസിലാണ് അറസ്റ്റ്. കൊല്ലം ആണ്ടാമുക്കത്ത് പ്രതി കുടുംബവുമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു.
2026 സെപ്റ്റംബര്‍ 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിഹാറിലെ സീതാമാര്‍ഥി ജില്ലയിലുള്ള ഡുമറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ച് ആര്‍ജെഡി നേതാവായ ബൈദ്യനാഥ് മഹതോയെ ബൈക്കിലെത്തിയ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി ബിഹാര്‍ പൊലീസ് ഊര്‍ജിതമായ തിരച്ചില്‍ നടത്തിവരികയായിരുന്നു.


കൊലപാതകത്തിന് തൊട്ടുപിന്നാലെ അജാജ് കേരളത്തിലേക്ക് കടക്കുകയായിരുന്നു. കൊല്ലം നഗരത്തിലെ ആണ്ടമുക്കില്‍ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇയാള്‍. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ കൂലിവേല ചെയ്താണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.


പ്രതി കൊല്ലത്തുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ബിഹാര്‍ പൊലീസ് സംഘം കൊല്ലത്തെത്തുകയും ഈസ്റ്റ് പോലീസിന്റെ സഹായത്തോടെ തിരച്ചില്‍ നടത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പിടിയിലായ മുഹമ്മദ് അജാജിനെ ബിഹാറിലേക്ക് കൊണ്ടുപോകുന്നതിനായി കൊല്ലം കോടതിയില്‍ ഹാജരാക്കി മാഗ്‌നറ്റിക്/ട്രാന്‍സിറ്റ് വാറന്റ് വാങ്ങുന്നതടക്കമുള്ള നിയമനടപടികള്‍ ബിഹാര്‍ പൊലീസ് പൂര്‍ത്തിയാക്കിവരികയാണ്.

Tags

Share this story

From Around the Web