ബന്ധത്തിൽ നിന്ന് പിന്മാറിയതിൻ്റെ വൈരാഗ്യം; 
ഇടുക്കിയിൽ പതിനെട്ടുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവത്തിൽ യുവാവ് പിടിയില്‍

 
26262

ഇടുക്കി: ഇടുക്കിയിലെ പാമ്പ്‌ലയില്‍ പതിനെട്ടുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. രാജാക്കാട് സ്വദേശി നിഷാന്താ(19)ണ് പിടിയിലായത്.

പാമ്പ്‌ല ചെക്ക് പോസ്റ്റിന് സമീപം കഴിഞ്ഞദിവസം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തമിഴ്‌നാട് സ്വദേശിനിയുടേതെന്ന് തിരിച്ചറിയുകയായിരുന്നു.

വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. പെണ്‍കുട്ടിയെ നിഷാന്ത് ഇടുക്കിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

 ഇവിടെയെത്തിയ ഇരുവരും തമ്മില്‍ ആദ്യം വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ പെണ്‍കുട്ടിയെ പ്രതി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് മരണം ഉറപ്പാക്കുന്നതിനായി കല്ല് ഉപയോഗിച്ച് മുഖത്ത് പലതവണ ഇടിക്കുകയും, തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹത്തിൽ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ബന്ധത്തില്‍ നിന്ന് പെണ്‍കുട്ടി പിന്മാറാന്‍ ശ്രമിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.

ബന്ധത്തില്‍ നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം നേരത്തെ പൊലിസില്‍ പരാതി നല്‍കിയിരുന്നതായി വിവരമുണ്ട്. എന്നാല്‍ നിഷാന്ത് നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു.

രാജാക്കാട്, ബൈസന്‍വാലി മേഖലകളിലെ തോട്ടങ്ങളില്‍ ജോലി ചെയ്ത് വരികയായിരുന്നു പ്രതി നിഷാന്ത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Tags

Share this story

From Around the Web