ബന്ധം ഉപേക്ഷിച്ചതിലെ വൈരാഗ്യം. തിരുവനന്തപുരത്ത് യുവതിയെയും മകളെയും പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം. രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു

 
police

തിരുവനന്തപുരം: ബന്ധം ഉപേക്ഷിച്ചതിലെ വൈരാഗ്യത്തെ തുടർന്ന് തിരുവനന്തപുരത്ത് യുവതിയെയും മകളെയും പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം. കരകുളം ഏണിക്കര സ്വദേശിയായ ചഞ്ചലിനെയും മകളെയും കൊല്ലാനാണ് മുൻ പങ്കാളി രഞ്ജിത് ശ്രമിച്ചത്. 

രക്ഷപ്പെടാൻ ശ്രമിച്ച ചഞ്ചലിനെ പ്രതി കഴുത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കരകുളം ഏണിക്കര സ്വദേശി ചഞ്ചൽ താമസിക്കുന്ന വീട്ടിലേക്ക് പ്രതിയായ രഞ്ജിത്ത് മദ്യപിച്ച് അതിക്രമിച്ച് കയറുകയായിരുന്നു. 

കൈയ്യിൽ കരുതിയിരുന്ന പെട്രോൾ ചഞ്ചലിന്റെയും മകളുടെയും ദേഹത്ത് ഒഴിച്ച ശേഷം തീക്കൊളുത്താൻ ശ്രമിച്ചു. പരിഭ്രാന്തിയോടെ പിൻവാതിലിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ, പ്രതി കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തി.

കഴിഞ്ഞ എട്ട് വർഷമായി ചഞ്ചലും രഞ്ജിത്തും ഒരുമിച്ചായിരുന്നു താമസം. നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യാത്ത ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. 

എന്നാൽ രഞ്ജിത് നിരന്തരം മർദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്തതോടെ, രണ്ട് മാസങ്ങൾക്ക് മുൻപ് ചഞ്ചൽ ഈ ബന്ധം പൂർണ്ണമായും ഉപേക്ഷിച്ചിരുന്നു. ഇതിലുള്ള കടുത്ത വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് കുടുംബം പറയുന്നു.

യുവതിയുടെ പരാതിയിൽ അരുവിക്കര പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി രഞ്ജിത്തിനെ ഇതുവരെ പിടികൂടാൻ പൊലീസിനായിട്ടില്ല. 

കൃത്യം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ കുടുംബം കടുത്ത ആശങ്കയിലാണ്. പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ്.

Tags

Share this story

From Around the Web